SignIn
Kerala Kaumudi Online
Monday, 25 May 2026 2.49 AM IST

ഓർമ്മകളിലെ പണിക്കർ മാഷ്

ss

കെ.എൻ. പണിക്കർ: 1936- 2026

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ക്ലബ്ബ് ഹൗസിൽ വച്ച്,​ 1973 ജൂലായിലാണ് പണിക്കർ മാഷുമായി ഞാൻ ആദ്യം സംസാരിച്ചത്. 'ഹോസ്റ്റൽ ശരിയായോ?" മാഷ്ടെ ആദ്യത്തെ ചോദ്യം.

'കാവേരി ഹോസ്റ്റലിൽ താമസമാക്കി."

'ഉവ്വോ. എന്തെങ്കിലും വേണംച്ചിറ്റ്ണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ക്വാർട്ടേഴ്സിലേക്ക് വന്നാ മതി."

എത്രയോ കാലമായി അടുത്തു പരിചയമുള്ളതു പോലൊരു തോന്നലായിരുന്നു. പിന്നെ മിക്ക ദിവസങ്ങളിലും ഞാൻ ക്വാട്ടേഴ്സിൽ പോവുക പതിവായിരുന്നു. ഓരോന്ന് സംസാരിച്ചിരിക്കും. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ വർഷങ്ങൾ. മാർക്സിസത്തിന്റെയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അന്നുവരെ മനസിലാക്കിയിട്ടില്ലാത്ത തലങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞ നാളുകൾ. കെ.എൻ.പണിക്കർ എന്ന മഹാമനസ്കനോട് വാക്കുകളിൽ ഒതുക്കാനാവാത്തത്ര കടപ്പാടുണ്ട്,​ എനിക്ക്.

എം.ഫിൽ കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷം ഗവേഷണ വിദ്യാർത്ഥിയായി ചേർന്നു. 'എനിക്ക് ഹോസ്റ്റൽ ശരിയായില്ല മാഷേ." പറഞ്ഞുതീർന്നില്ല. 'ഇവിടെ ബർസാത്തി ഒഴിഞ്ഞു കിടക്ക്വാണ്. ഇങ്ങോട്ട് പോന്നോളൂ." ഭാര്യയുമായി ഞാൻ അവിടെ കുറേനാൾ താമസിച്ചിരുന്നു. അദ്ദേഹവും ഉഷച്ചേച്ചിയും എല്ലാ സഹായവും നിർലോഭം ഞങ്ങൾക്ക് നൽകി. ജെ.എൻ.യുവിൽ പിന്നീട് അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന കാലത്തും അദ്ദേഹം കേരളത്തിൽ വന്നപ്പോഴും ഞങ്ങൾക്ക് പണിക്കർ മാഷുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു. അസുഖം തീവ്രമായി,​ സംസാരം ബുദ്ധിമുട്ടായിക്കഴിഞ്ഞപ്പോൾ ഞാൻ ഇടയ്ക്ക് ഒന്നു കാണും. കാര്യമായൊന്നും സംസാരിക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെ തുടരെയുണ്ടായിരുന്ന സന്ദർശനം കുറച്ചു. കാരണം മനോവിഷമം തന്നെ.

ചിന്തയുടെ

വേറിട്ട വഴി

വേറിട്ടു ചിന്തിക്കാൻ പഠിപ്പിച്ച ആ അദ്ധ്യാപകൻ ആധുനിക ചരിത്രമാണ് പഠിപ്പിച്ചിരുന്നത്. ഞാൻ പ്രാചീന ചരിതം പഠിക്കുന്ന വിദ്യാർത്ഥി ആയതിനാൽ അദ്ദേഹത്തിന്റെ കുറച്ചു ക്ലാസുകളിലേ ഇരുന്നിട്ടുള്ളൂ. അവ രീതിശാസ്ത്രത്തിന്റെ ക്ലാസുകളായിരുന്നു. പ്രാചീന ചരിത്രമായാലും അതിൽ വർത്തമാന കാലത്തിന്റെ സ്വാധീനം പ്രധാനമാണെന്ന ബോധം എനിക്കുണ്ടായത് അദ്ദേഹത്തിന്റെ ക്ലാസുകൾ കേട്ടതിനു ശേഷമാണ്. ഭൂതകാല പഠനം; അതെത്ര പഴയതായാലും അതു മനസിലാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് വർത്തമാന കാലത്തിന്റെ സമ്മർദ്ദമാണ് എന്ന് അദ്ദേഹം പറയുമായിരുന്നു.

പഴയ കാലത്തെപ്പറ്റി പഠിക്കുന്നത് പഴയകാല മാഹാത്മ്യം വർണിച്ച് വെറുതെ അഭിമാനം കൊള്ളാനല്ല; അക്കാലത്തെ വൈരുദ്ധ്യം നിറഞ്ഞ സാമൂഹ്യ ബന്ധങ്ങളിലൂടെ ചൂഷണവും അടിച്ചമർത്തലും മനുഷ്യർ അനുഭവിച്ച ദുരിതങ്ങളും മനസിലാക്കാനായിരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അവ പലപ്പോഴും പ്രത്യക്ഷമായിരിക്കില്ലെന്നും,​ അതിന് സൈദ്ധാന്തിക ചരിത്ര വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രാന്വേഷണം അസ്വസ്ഥ മനസിൽ നിന്നാണ് തുടങ്ങുക. വർത്തമാനകാലത്തെ മനുഷ്യരുടെ ദുരിതങ്ങൾക്ക് കാരണമായ സ്ഥാപനങ്ങളും സാമൂഹ്യഘടനയും ആശയങ്ങളും ഭൂതകാലത്തു നിന്നാണ് തുടങ്ങുന്നത്!

അസ്വസ്ഥ

മനസ്

ഇന്നും മനുഷ്യരെ ദുരിതത്തിലാഴ്ത്തുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ജാതിപോലുള്ള സമ്പ്രദായങ്ങളും സാമൂഹ്യബന്ധങ്ങളും തുടങ്ങിയതിന്റെ ചരിത്രപശ്ചാത്തലം എന്താണ്? ഇന്നും നമുക്ക് കീഴടക്കാൻ കഴിയാത്ത ദുരാചാരങ്ങളും വ്യവസ്ഥകളും വേരോടെ പിഴുതുകളയാൻ ചരിത്രാന്വേഷണം വേണം. ഏറ്റവും ഒടുവിലൽ അദ്ദേഹം എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത് ജാതി സമ്പ്രദായത്തിന്റെ വേരുകളും രൂപങ്ങളും ഭാവങ്ങളും മറ്റും സിദ്ധാന്തീകരിക്കുന്ന പുസ്തകമാണ്. ചുരുക്കത്തിൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞിരുന്നതും വിശ്വസിച്ചിരുന്നതും പ്രാവർത്തികമാക്കിയതുമായ ധാരണ,​ സ്വസ്ഥതയില്ലാത്ത മനസുമായി നടത്തുന്ന തിരച്ചിലാണ് ചരിത്രാന്വേഷണം എന്നതത്രെ!

ഇത് ഏതു ചരിത്ര വിദ്യാർത്ഥിക്കും വേറിട്ടൊരു കാഴ്ചയിലേക്കും ചിന്തയിലേക്കും വഴിതെളിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചരിത്രകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. ഇരുപത്തിയാറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. അതിൽ Against Lord and State എന്ന പുസ്തകം മലബാർ കലാപത്തെപ്പറ്റിയുള്ള വിഖ്യാത പഠനമാണ്. വ്യാഖ്യാന സവിശേഷതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കൃതി എടുത്തുപറയേണ്ടതുമാണ്. മതനിരപേക്ഷചിന്ത ജാതി- മത സങ്കുചിത ചിന്തയുടെ അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. അതിന്റെ പേരിലുള്ള കക്ഷിരാഷ്ട്രീയത്തെ അരാഷ്ട്രീയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഈ അരാഷ്ട്രീയ സംഘടനകൾ ജനാധിപത്യത്തെ ദുർബലമാക്കുകയും ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

വർഗീയതയ്ക്ക് രാഷ്ട്രീയ സിദ്ധാന്തമില്ല; പ്രത്യയശാസ്ത്രമേയുള്ളൂ. അതാവട്ടെ,​ വളച്ചൊടിച്ച ചരിത്രമാണു താനും. ചരിത്രകാരനെന്ന നിലയിൽ അതിൽ അദ്ദേഹം ജാഗരൂകനായിരുന്നു. അസുഖ തീവ്രതയുടെ കഴിഞ്ഞ നാലഞ്ചു വർഷമൊഴിച്ചാൽ വിക്ടോറിയ കോളേജിലെ വിദ്യാർത്ഥി ഫെഡറേഷൻ നേതാവും,​ യൂണിയൻ ചെയർമാനുമായിരുന്ന കാലം മുതൽ അദ്ദേഹം വർഗീയതയുടെ ശത്രുവായിരുന്നു. ധന്യമായ ആ ജീവിതം അവസാനിച്ചു. പക്ഷേ,​ അദ്ദേഹത്തിന്റെ രചനകൾ എന്നും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും സാമൂഹ്യ സ്ഥിതിസമത്വ രാഷ്ട്രീയതയ്ക്കും വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY