SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ഇന്ത്യയുടെ ലോകജയം

s

അഹമ്മദാബാദിൽ നടന്ന ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി സൂര്യകുമാർ യാദവും സംഘവും കിരീടമുയർത്തി. ട്വന്റി- 20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം കിരീ‌ടമാണിത്. തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന ആദ്യ ടീം, കിരീടമുയർത്തുന്ന ആദ്യ ആതിഥേയർ എന്നീ ചരിത്രനേട്ടങ്ങളും ഇന്ത്യൻ ടീം ഈ വിജയത്തോടെ സ്വന്തമാക്കി. ഇന്ത്യയുടെ കിരീടനേട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ നിർണായക പങ്കുവഹിച്ചുവെന്നത് കേരളത്തിനാകെ അഭിമാനം പകരുന്നു. സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതൊഴിച്ചാൽ ആധികാരിക പ്രകടനത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യയുടെ കിരീടനേട്ടം.

പ്രാഥമിക റൗണ്ടിൽ അമേരിക്ക, നമീബിയ, പാകിസ്ഥാൻ, നെതർലാൻഡ്സ് എന്നിവരെ തോൽപ്പിച്ച് മുന്നേറിയ ഇന്ത്യ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റു. എന്നാൽ അവിടെ നിന്ന് ഇന്ത്യ ഉയിർത്തെണീറ്റത് പ്ളേയിംഗ് ഇലവനിലേക്ക് തിരിച്ചുവിളിക്കപ്പെട്ട സഞ്ജു സാംസണിന്റെ കൈക്കരുത്തിലൂടെയായിരുന്നു. ക്വാർട്ടർ ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന, വെസ്റ്റ് ഇൻഡീസിന് എതിരായ സൂപ്പർ എട്ട് മത്സരത്തിൽ ​ 50​ ​പ​ന്തു​ക​ളി​ൽ​ 12​ ​ബൗ​ണ്ട​റി​ക​ളു​ടെ​യും​ ​നാ​ല് ​സി​ക്സു​ക​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​സ​ഞ്ജു​ ​പു​റ​ത്താ​കാ​തെ​ ​നേ​ടി​യ​ 97​ ​റ​ൺ​സാ​യി​രു​ന്നു​ വ​ഴി​ത്തി​രി​വ്.​ ​ആ​ ​ഇ​ന്നിം​ഗ്സ് ​ന​ൽ​കി​യ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​സെ​മി​യി​ൽ​ ​ഇം​ഗ്ള​ണ്ടി​ന് ​എ​തി​രാ​യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​പി​റ​ന്ന​ത്.​ ​​​ 42​​​ ​​​പ​​​ന്തു​​​ക​​​ളി​​​ൽ​​​ ​​​ഏ​​​ഴു​​​ ​​​സി​​​ക്സു​​​ക​​​ളും​​​ ​​​എ​​​ട്ടു​​​ഫോ​​​റു​​​ക​​​ള​​​മ​​​ട​​​ക്കം​​​ ​​​നേ​​​ടി​​​യ​​​ 89​​​ ​​​റ​​​ൺ​​​സാ​ണ് ​സെ​​​മി​​​യി​​​ൽ​​​ ​​​ഇം​​​ഗ്ള​​​ണ്ടി​​​നെ​​​തി​​​രെ​ ​നേ​ടി​യ​ത്. ഫൈനലിലും ഇന്ത്യയ്ക്ക് വേണ്ടി ഗർജ്ജിച്ചത് സഞ്ജുവിന്റെ ബാറ്റാണ്. ഇതോടെ അഞ്ചുമത്സരത്തിൽ മാത്രം അവസരം ലഭിച്ച കളിക്കാരൻ ലോകകപ്പിന്റെ തന്നെ താരമായി മാറുന്ന അത്ഭുതക്കാഴ്ച.

അഞ്ച് ഇന്നിംഗ്സുകളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളോടെ നേടിയ 321 റൺസുമായി ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന റൺവേട്ടക്കാരനായും ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായും സഞ്ജു ചരിത്രം കുറിച്ചു. ലോകകപ്പിനു മുമ്പ് ന്യൂസിലാൻഡിന് എതിരെ ജന്മനാടായ തിരുവനന്തപുരത്തുൾപ്പടെ നടന്ന അഞ്ചു മത്സര പരമ്പരയിൽ തുടർച്ചയായി നിരാശപ്പെടുത്തിയതിനാലാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് പുറത്തിരിക്കേണ്ടിവന്നത്. അതേ ന്യൂസിലാൻഡിനെതിരെ ഫൈനലിൽ ടോപ്സ്കോററായത് സഞ്ജുവിന്റെ നിശ്ചയദാർഢ്യവും ആത്മാർപ്പണവും കഠിനാദ്ധ്വാനവും കൊണ്ടു മാത്രമാണ്. ഒന്നോ രണ്ടോ പരാജയങ്ങളിൽ പതറി പാതിവഴിയിൽ പോരാട്ടമവസാനിപ്പിക്കുന്നവർ കണ്ടുപഠിക്കേണ്ട മാതൃകയാണ് സഞ്ജു. താനൊരു മാച്ച് വിന്നറാണെന്നത് തെളിയിക്കാൻ ഒന്നും രണ്ടുമല്ല 11 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നവനാണ് സഞ്ജു.

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കണ്ണീരണിയേണ്ടിവന്ന അതേ വേദിയിലാണ് കഴിഞ്ഞ രാത്രി സൂര്യകുമാർ യാദവും സംഘവും കിരീടമുയർത്തിയത്. ആ ഫൈനൽ തോൽവിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ ഷെൽഫിലേക്ക് എത്തിയത് നിരവധി ഐ.സി.സി കിരീടങ്ങളാണ്. 2024-ൽ ട്വന്റി- 20 ലോകകപ്പും 2025-ൽ അണ്ടർ19 വനിതാ ലോകകപ്പും പുരുഷ ചാമ്പ്യൻസ് ട്രോഫിയും വനിതാ ഏകദിന ലോകകപ്പും ഈ വർഷം അണ്ടർ 19 പുരുഷ ലോകകപ്പും, ഇപ്പോഴിതാ ട്വന്റി- 20 ലോകകപ്പും. അതിനിടയിൽ ഏഷ്യാ കപ്പിലും ജേതാക്കളായി. ഇന്ത്യയിൽ ക്രിക്കറ്റ് എന്തുകൊണ്ട് വെറുമൊരു കളിയല്ല എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ കിരീടങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY