SignIn
Kerala Kaumudi Online
Monday, 25 May 2026 1.43 AM IST

ഗുരുചിന്തയെ പ്രാണനാക്കിയ മുനിസ്വാമി 

a

സ്വാമി ശുഭാംഗാനന്ദ,
ജനറൽ സെക്രട്ടറി
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ശ്രീനാരായണ ഗുരുദേവന്റെ സർവസമന്വയ ദർശനം താത്വികവും ബൗദ്ധികവും ദാർശനികവുമായ ഭദ്രതയോടെ വ്യാഖ്യാനിക്കുന്നതിലും നിർവചിക്കുന്നതിലും ദത്തശ്രദ്ധനായിരുന്ന മുനിനാരായണ പ്രസാദ് സ്വാമികളുടെ ഭൗതികദേഹ വിയോഗം ശ്രീനാരായണ സമൂഹത്തിന് മാത്രമല്ല വിജ്ഞാന സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്.

നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ മൂന്നാമത്തെ അദ്ധ്യക്ഷനായിരിക്കെയാണ് ഈ വിയോഗം. നടരാജ ഗുരുവിന്റെയും ഗുരു നിത്യചൈതന്യയതിയുടെയും പിൻഗാമിയായി ഗുരുദർശനത്തിന്റെ വിളക്കേന്തി വിജ്ഞാന ദാഹികളുടെ ശമയിതാവായി തീർന്നിരുന്ന പ്രസാദ് സ്വാമികളെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.


ഒരായുസാകെ തന്നെ ശീഘ്ര കർത്തവ്യകൃത്തായിരിക്കുക, ധർമ്മ പ്രകാശകനായിരിക്കുക, ത്യാഗിയായിരിക്കുക, ശിഷ്യൻമാർക്ക് ഗുരുവായിരിക്കുക ഈ അപൂർവതകളെല്ലാം അനായാസം കൈവരിക്കുവാൻ കഴിഞ്ഞ സുകൃതിയായിരുന്നു സ്വാമികൾ. സ്വാമിയുടെ എഴുത്തിലും സംഭാഷണത്തിലുമെല്ലാം ഗുരുദർശനത്തിന്റെ അളവില്ലായ്മ തെളിഞ്ഞു കാണാമായിരുന്നു.

ഗുരുദേവന്റെ എല്ലാ കൃതികൾക്കും യുക്തിഭദ്രമായി വ്യാഖ്യാനം എഴുതിയ ആദ്യത്തെ സന്യാസി ശ്രേഷ്ഠൻ എന്ന ബഹുമതി സ്വാമിജിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുപോലെ തന്നെ ഗുരുദേവ കൃതികളെല്ലാം അതിന്റെ സത്തക്കൊരു കുറവുമുണ്ടാകാതെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാനുള്ള നിയോഗമുണ്ടായതും സ്വാമികൾക്കാണ്.

ഓരോ ശ്വാസത്തിലും ഗുരുദർശനത്തെ പ്രാണനാക്കി വച്ച സ്വാമി ഒരേസമയം ഗുരുദേവദർശനത്തിന്റെ ഭാഷയും ഭാഷ്യവുമായിരുന്നു. ഏതു വെല്ലുവിളികളെയും പ്രതിസന്ധികളെയും സൗമ്യമായി നേരിടാനും അതിജീവിക്കാനും സ്വാമിജിക്ക് താങ്ങും തണലുമായത് ഗുരുദേവൻ വെളിവാക്കിയ അദ്വൈതദർശനത്തിന്റെ ഉണർവാണ്. ഗുരുചിന്തയെ സാധനയും ധ്യാനവുമാക്കിത്തീർത്ത സ്വാമിയുടെ സ്മരണയും രചനയും എളിമയും എക്കാലവും സമൂഹത്തെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY