SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

പക വീട്ടി ടൈറ്റാൻസ്

ipl

ആർ.സിബിയെ നാലുവിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്

കഴിഞ്ഞയാഴ്ച തോൽപ്പിച്ചതിന് ടൈറ്റാൻസിന്റെ പ്രതികാരം

അഹമ്മദാബാദ് : കഴിഞ്ഞവാരം തങ്ങളെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചിരുന്ന നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയെ ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ നാലുവിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി 19.2 ഓവറിൽ 155 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 25 പന്തുകൾ ബാക്കിനിറുത്തിയാണ് വിജയം ആഘോഷിച്ചത്.

ദേവ്ദത്ത് പടിക്കൽ (40),വിരാട് കൊഹ്‌ലി(28), രജത് പാട്ടീദാർ(19),റൊമാരിയോ ഷെപ്പേഡ് (17), വെങ്കടേഷ് അയ്യർ (12), ഭുവനേശ്വർ കുമാർ(15 നോട്ടൗട്ട്) എന്നിവരാണ് ആർ.സി.ബിക്ക് വേണ്ടി പൊരുതിയത്. ചേസിംഗിനിറങ്ങിയ ടൈറ്റാൻസിന് വേണ്ടി നായകൻ ശുഭ്മാൻ ഗിൽ 18 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 43 റൺസ് നേടി ടോപ് സ്കോററായി. ജോസ് ബട്ട്‌ലർ 19 പന്തുകളിൽ രണ്ടുഫോറും നാലുസിക്സുമടക്കം 39 റൺസ് നേടി. രാഹുൽ തെവാത്തിയ 17 പന്തുകളിൽ നാലുഫോറടക്കം 27 റൺസുമായി പുറത്താകാതെനിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് ആദ്യ ഓവറിൽ ആറ് റൺസേ നേടാനായുള്ളൂവെങ്കിലും രണ്ടാം ഓവറിൽ കാഗിസോ റബാദയ്ക്ക് എതിരെ വിരാട് കൊഹ്‌ലി ആദ്യ അഞ്ച് പന്തുകളിലും ഫോറടിച്ചത് ആവേശമുയർത്തി. എന്നാൽ മൂന്നാം ഓവറിൽ സിറാജ് ജേക്കബ് ബെഥേലിനെ (5) റാഷിദ് ഖാന്റെ കയ്യിലെത്തിച്ചതോടെ കളിമാറാൻ തുടങ്ങി. അടുത്ത ഓവറിൽ റബാദ വിരാടിനെയും റാഷിദിന്റെ

കയ്യിലേൽപ്പിച്ചു. തുടർന്ന് ദേവ്ദത്ത് പടിക്കൽ ഒരറ്റത്ത് പൊരുതിയെങ്കിലും രജത് പാട്ടീദാർ (19),ജിതേഷ് ശർമ്മ (1),ടിം ഡേവിഡ് (9),ക്രുനാൽ പാണ്ഡ്യ (9) എന്നിവർ നിരനിരയായി മടങ്ങിയതോ‌ടെ ആർ.സി.ബി 10.3 ഓവറിൽ 96/6എന്ന നിലയിലായി.

എന്നിട്ടും പോരാട്ടം തുടർന്ന ദേവ്ദത്ത് 14 ഓവറിൽ 126/7 എന്ന സ്കോറിൽ ടീമിനെ എത്തിച്ച ശേഷമാണ് മടങ്ങിയത്. നേരിട്ട 24 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം 40 റൺസ‌ടിച്ച ദേവ്‌ദത്തിനെ റാഷിദ് ഖാൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് റൊമാരിയോ ഷെപ്പേഡ് (17), വെങ്കടേഷ് അയ്യർ (12), ഭുവനേശ്വർ കുമാർ(15 നോട്ടൗട്ട്) എന്നിവർ പൊരുതിയാണ് 155ലെത്തിച്ചത്.

ഗുജറാത്തിനായി അർഷദ് ഖാൻ 3.2 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹോൾഡറിനും റാഷിദിനും രണ്ട് വിക്കറ്റ് വീതവും റബാദയ്ക്കും സിറാജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

സീസണിലെ അഞ്ചാം ജയം നേടി 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റാൻസ്. ആർ.സി.ബിയുടെ മൂന്നാം തോൽവിയാണിത്. 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആർ.സി.ബി. 13 പോയിന്റുള്ള പഞ്ചാബാണ് ഒന്നാമത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360