SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 AM IST

തമിഴ്നാട് പടക്കശാലയിൽ സ്‌ഫോടനം; 23 മരണം

padakam

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം. 19 പേരെ തിരിച്ചറിഞ്ഞു. അവരിൽ 16 പേർ സ്ത്രീകളും 3 പേർ പുരുഷന്മാരുമാണ്. ആറ് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ വിരുദുനഗർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവസമയത്ത് 30 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ചിലർ ഓടി രക്ഷപ്പെട്ടു. ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ തകർന്നു. 10 കിലോമീറ്റർ ദൂരത്തിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിരുദുനഗറിനടുത്ത് കട്ടനാർപട്ടിയിലുള്ള വനജ പടക്ക നിർമ്മാണശാലയിൽ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. സ്ഫോടന കാരണം വ്യക്തമല്ല.

ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ മണിക്കൂറുകളെടുത്തു. അതിനുശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും

പൊട്ടിത്തെറിയുണ്ടായി. പൊലീസുകാരടക്കം 15 പേർക്ക് പരിക്കേറ്റു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളെയാണ് എസ്.പി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കശാല പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ മൂന്ന് പേർ സ്തീകളാണെന്ന് അധികൃതർ അറിയിച്ചു.

എസ്.പി ശ്രീനാഥും മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ രാമചന്ദ്രനും തങ്കം തെന്നരസുവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

 തിരഞ്ഞെടുപ്പിനായി പടക്കനിർമ്മാണം

ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുത്തുമാണിക്കത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഞായറാഴ്ച പ്രവർത്തിക്കാറില്ലെന്നും തിരഞ്ഞെടുപ്പു പ്രമാണിച്ചാണ് ഇന്നലെ തുറന്നതെന്നും നാട്ടുകാർ ആരോപിച്ചു. മുത്തുമാണിക്കം ഒളിവിൽ പോയി. 23നാണ് തമിഴ്നാട് തിരഞ്ഞെടുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360