SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

പിരിച്ചുവിടലിൽ പതറി ഐ.ടി ജീവനക്കാർ

it-tech

തൊഴിൽ തിന്നുന്ന എ.ഐ

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എ.ഐ) ദ്രുതഗതിയിലുള്ള വികാസവും സാമ്പത്തിക മേഖലയിലെ തളർച്ചയും കണക്കിലെടുത്ത് ഇന്ത്യൻ ഐ.ടി കമ്പനികൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ അഞ്ച് മുൻനിര കമ്പനികളുടെ അറ്റ ഹെഡ്‌ കൗണ്ടിൽ 7,389 പേരുടെ കുറവുണ്ടായി. മുൻവർഷം ഹെഡ് കൗണ്ടിൽ 12,700 പേരുടെ വർദ്ധനയുണ്ടായിരുന്നു.

എ.ഐയുടെ വരവോടെ പരമ്പരാഗത എൻട്രി ലെവൽ ജോലികൾക്ക് ജീവനക്കാരെ കാര്യമായി വേണ്ടിവരുന്നില്ലെന്ന് കമ്പനികൾ പറയുന്നു. വൈദഗ്ദ്ധ്യമാവശ്യമുള്ള കോഡിംഗ് ജോലികൾ ചെയ്യാൻ പോലും എ.ഐ സാങ്കേതികവിദ്യ പ്രാപ്തി കൈവരിച്ചതോടെ കമ്പനികൾ കാര്യക്ഷമത കുറഞ്ഞവർക്ക് 'പിങ്ക് സ്ളിപ്പ്' നൽകുകയാണ്. നിലവിലുള്ള ബിസിനസ് മോഡലുകളെ എ.ഐ സിസ്‌റ്റത്തെ സംയോജിപ്പിച്ച് ഡിസൈൻ, മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്ന സ്‌പെഷലിസ്‌റ്റുകൾക്കാണ് കമ്പനികൾ പ്രാമുഖ്യം നൽകുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധവും വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും ഐ.ടി മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ആഗോള കമ്പനികൾ നിലവിലുള്ള കരാർ പുതുക്കാനും പുതിയ ഇടപാടുകൾ ഒപ്പുവെക്കുന്നതിനും വിമുഖത പ്രകടിപ്പിക്കുന്നതാണ് തിരിച്ചടി. ഇന്ധന വില കുതിച്ചുയർന്നതോടെ അമേരിക്കയിലും യൂറോപ്പിലും ഉപഭോഗ ഇടിവ് രൂക്ഷമായതോടെ കമ്പനികൾ ഐ.ടി നിക്ഷേപങ്ങൾ വെട്ടികുറയ്ക്കുകയാണ്.

പുതിയ നിയമനങ്ങളുടെ എണ്ണം കുറയുന്നു

എൻട്രിലെവൽ ജീവനക്കാരുടെ ആവശ്യം കുറഞ്ഞതോടെ ക്യാമ്പസ് റിക്രൂട്ട്മെന്റ് മന്ദഗതിയിലാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് വ്യക്തമാക്കി. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ രാജ്യത്തെ ഐ.ടി മേഖല പിന്നാക്കമാണെന്ന് നാസ്‌കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

ടി.സി.എസ് മുന്നിൽ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിരിച്ചുവിടലിൽ മുൻ നിരയിൽ ടി.സി.എസാണ്. മറ്റ് മുൻനിര കമ്പനികളായ ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽടെക്ക്, ടെക്ക് മഹീന്ദ്ര എന്നിവയും വലിയ തോതിൽ ജീവനക്കാരെ കുറച്ചു.

ഐ.ടി മേഖലയിലെ പുതിയ നിയമനങ്ങൾ

1.35 ലക്ഷം

രാജ്യത്തെ മൊത്തം ഐ.ടി ജീവനക്കാരുടെ എണ്ണം

59.5 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360