SignIn
Kerala Kaumudi Online
Monday, 25 May 2026 3.54 AM IST

വിയർത്ത് പൊതുമേഖല എണ്ണക്കമ്പനികൾ

petrol

ഇന്ധന വിൽപ്പനയിൽ നഷ്‌ടമേറുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡോയിൽ വില കുതിച്ചുയർന്നതും ഇന്ധന ലഭ്യത കുറഞ്ഞതുമാണ് വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഉയർത്താൻ സർക്കാർ അനുവദിച്ചിട്ടില്ല.

നിലവിൽ പൊതുമേഖല എണ്ണക്കമ്പനികൾ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിനാൽ ഡീസൽ ലിറ്ററിന് 100 രൂപയും പെട്രോളിന് 20 രൂപയും നഷ്‌ടം നേരിടുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.

ഹോർമുസ് അടച്ചതോടെ മറ്റ് വിപണികളിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ചെലവ് കൂടുന്നതാണ് കമ്പനികളെ വലയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില വർദ്ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ ലാഭത്തിലും മാർജിനിലും കനത്ത ഇടിവുണ്ടായേക്കും.

നിലവിൽ ബ്രെന്റ് ക്രൂഡ് വില(ബാരലിന്)

113 ഡോളർ

ബാദ്ധ്യതയായി വിലക്കുതിപ്പ്

പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസിന്റെ കണക്കുകളനുസരിച്ച് നിലവിൽ ക്രൂഡോയിൽ ഇന്ത്യൻ ബാസ്‌കറ്റിന്റെ വില ബാരലിന് 137 ഡോളറിലാണ്. കഴിഞ്ഞ 45 ദിവസത്തിനിടെ ക്രൂഡ് വിലയിൽ 95 ശതമാനം വർദ്ധനയുണ്ടായി, ക്രൂഡോയിൽ വില ബാരലിന് 10 ഡോളർ കൂടുമ്പോൾ എണ്ണക്കമ്പനികൾ ലിറ്ററിന് ആറ് രൂപയുടെ നഷ്‌ടമാണ് നേരിടുന്നത്.

ഇന്ധന വില കൂട്ടില്ലെന്ന് കേന്ദ്ര സർക്കാർ

അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 മുതൽ 28 രൂപ വരെ ഉയർത്തുമെന്ന് കോട്ടക് ഇൻസ്‌റ്റിറ്റ്യൂഷണൽ ഇക്യൂറ്റീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യൻ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ പരമാവധി നടപടിയെടുക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

കമ്പനികളുടെ വിൽപ്പന നഷ്‌ടം(ലിറ്ററിന്)

ഡീസൽ: 100 രൂപ

പെട്രോൾ: 20 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360