SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

വിപണികളിൽ തകർന്നാടി ഊഹക്കച്ചവടക്കാർ

leed-one

കയറ്റിറക്കങ്ങളിൽ വലഞ്ഞ് നിക്ഷേപകർ

കൊച്ചി: രാജ്യത്തെ ചെറുകിട നിക്ഷേപകരെ വലച്ച് ഓഹരി, കമ്പോള, നാണയ വിപണികളിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വൻകിട ഗ്രൂപ്പുകൾ പണമൊഴുക്കി കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടാക്കുന്നത്.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയതിനു ശേഷം ഓരോദിവസവും വമ്പൻ കയറ്റിറക്കങ്ങളാണ് ഓഹരി, സ്വർണം, വെള്ളി വിലകളിലുള്ളത്. ഇറാന്റെ വൈദ്യുതി പ്ളാന്റുകൾക്കെതിരെ അഞ്ച് ദിവസത്തേക്ക് ആക്രമണം മരവിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് മുൻപ് ക്രൂഡോയിൽ വിപണിയിൽ ഊഹക്കച്ചവടക്കാൻ സജീവമായിരുന്നു. പ്രഖ്യാപനത്തിന് 15 മിനിട്ടിന് മുൻപ് 58 കോടി ഡോളറിന്റെ 6,200 ഫ്യൂച്ചർ ഇടപാടുകളാണ് അമേരിക്കയിൽ നടന്നത്. ഇക്കാര്യം സംബന്ധിച്ച ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിന് തൊട്ടുപിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 14 ശതമാനം ഇടിഞ്ഞിരുന്നു. ചർച്ചാ സാദ്ധ്യതകൾ ഇറാൻ തള്ളിയതോടെ വില വീണ്ടും ഉയർന്നു. സ്വർണ വിപണിയിലും സമാനമായ ചാഞ്ചാട്ടമുണ്ടായി. ഔദ്യോഗിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് വിപണിയിൽ നിന്ന് ഒരു വിഭാഗം നിക്ഷേപകർ അന്യായമായി ലാഭം നേടിയെന്നാണ് ആരോപണം.

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു

സ്വർണ വിപണിയിൽ അസ്വാഭാവികമായ ചാഞ്ചാട്ടം തുടരുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഔൺസിന് 4,130 ഡോളർ വരെ ഇടിഞ്ഞ സ്വർണ വില ട്രംപിന്റെ സമാധാന പ്രസ്താവനയ്ക്ക് ശേഷം 4,500 ഡോളറിലേക്ക് കത്തിക്കയറി. ഇന്നലെ രാവിലെ വില 4,340 ഡോളറിലേക്ക് താഴ്ന്നതിന് ശേഷം വീണ്ടും മുകളിലേക്ക് നീങ്ങി. കേരളത്തിൽ പവൻ വില ഇന്നലെ രാവിലെ 2,160 രൂപ കുറഞ്ഞ് 1,02,920 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പവൻ വില 1,880 രൂപ വർദ്ധിച്ച് 1,04,800 രൂപയിലെത്തി.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

ആവേശം വേണ്ട

സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മുതലെടുത്ത് ലാഭമുണ്ടാക്കാൻ വൻകിടക്കാർ വിപണിയിൽ സജീവമാണ്. പെട്ടെന്നുള്ള ആവേശത്തിൽ നിക്ഷേപ തീരുമാനമെടുക്കരുത്.

യുദ്ധ ഭീതി

പശ്ചിമേഷ്യയിലെ യുദ്ധം വിപണിയെ അസ്ഥിരമാക്കുന്നതിനാൽ വില ചാഞ്ചാട്ടം രൂക്ഷമാണ്. വിപണി ശാന്തമാകുന്നതു വരെ വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കരുത്

ട്രംപ് ഇഫക്ട്

ട്രംപിന്റെ ദൈനംദിന പ്രസ്താവനകൾ വിപണിയുടെ ചലനങ്ങളെ അതിവേഗം ബാധിക്കും. വാർത്തകളെക്കാൾ വിപണി ഗതി നോക്കി തീരുമാനമെടുക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360