SignIn
Kerala Kaumudi Online
Monday, 25 May 2026 2.57 AM IST

സമാധാന പ്രതീക്ഷയിൽ ധന വിപണികൾ

leed-one

യുദ്ധം തീർന്നാൽ മുന്നേറ്റകാലം

കൊച്ചി: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ ആഗോള ധന, കമ്പോള വിപണികൾ ശക്തമായ കുതിപ്പിനൊരുങ്ങുന്നു. അഞ്ച് ദിവസത്തേക്ക് ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കില്ലെന്നും സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതാണ് ആഗോള വിപണികൾക്ക് ആശ്വാസം പകർന്നത്. ഇതോടെ അമേരിക്കയിലെ മുഖ്യ ഓഹരി സൂചികകൾ മികച്ച മുന്നേറ്റം നടത്തി. തകർന്നടിഞ്ഞ സ്വർണ വില ശക്തമായി തിരിച്ചുകയറി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ അമേരിക്കൻ ഡോളർ ദുർബലമായി.

യുദ്ധം തുടങ്ങിയതിനു ശേഷം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുന്ന ഓഹരി, നാണയ, സ്വർണ, വെള്ളി വിപണികളിൽ നിക്ഷേപകർ വീണ്ടും സജീവമായി. ക്രൂഡോയിൽ വില ഇടിഞ്ഞതോടെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതാണ് സാമ്പത്തിക മേഖലയ്ക്ക് കരുത്താകുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ ശക്തമായി വിപണിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തുന്നത്.

സ്വർണ വില വീണ്ടും 4,500 ഡോളറിലേക്ക്

ഇറാനുമായുള്ള സംഘർഷത്തിൽ സ്ഥായിയായ പ്രശ്ന പരിഹാരമുണ്ടാകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയുടെ പിന്നാലെ ആഗോള നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങികൂട്ടി. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണ വില ഔൺസിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. ക്രൂഡോയിൽ വില ബാരലിന് 112 ഡോളറിലെത്തിയതോടെ നാണയപ്പെരുപ്പ ഭീഷണ ഉയർന്നതാണ് സ്വർണത്തിന് പ്രിയം കുറച്ചത്. എന്നാൽ ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിന് ശേഷം സ്വർണ വില ഔൺസിന് 4,450 ഡോളറിലേക്ക് ശക്തമായി തിരിച്ചുകയറി.

സംഘർഷം തീർന്നാലുള്ള നേട്ടങ്ങൾ

1. ഹോർമുസ് ഇടനാഴിയിലൂടെ ചരക്കുനീക്കം സാധാരണനിലയിലാകുന്നതോടെ ക്രൂഡോയിൽ വില കുത്തനെ കുറയും

2. എണ്ണ വിലയിലെ ഇടിവ് നാണയപ്പെരുപ്പ ഭീഷണി കുറയ്ക്കാനും ആഗോള സാമ്പത്തിക വളർച്ച ദ്രുതഗതിയിലാക്കാനും സഹായിക്കും

3. വിലക്കയറ്റം നിയന്ത്രണ വിധേയമാകുന്നതോടെ കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്കുകൾ കുറച്ച് വളർച്ചയ്ക്ക് ഊന്നൽ നൽകും

4. രൂപയുടെ മൂല്യം സ്ഥിരത നേടുമ്പോൾ വിദേശ ധനകാര്യ സ്ഥാപനങ്ങൾ പൂർവാധികം ശക്തിയോടെ ഇന്ത്യയിലേക്ക് പണമൊഴുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360