SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

എണ്ണയിൽ ഉരുകി ആഗോള വിപണികൾ

crude

ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു

ക്രൂഡോയിൽ വില കുതിക്കുന്നു

തകർന്നടിഞ്ഞ് ഓഹരി, സ്വർണം, രൂപ

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ആടിയുലഞ്ഞ് ആഗോള വിപണികൾ. ഗൾഫ് രാജ്യങ്ങൾ ക്രൂഡോയിൽ ഉത്പാദനം കുറച്ചതും ഹോർമുസ് ഇടനാഴി അടച്ചതോടെ ചരക്ക് നീക്കം തടസപ്പെട്ടതും രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 119 ഡോളറിലെത്തിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. എന്നാൽ ജി7 രാജ്യങ്ങൾ 40 കോടി ബാരൽ ക്രൂഡോയിൽ വിപണിയിൽ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയതോടെ വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നു.

ലോകത്തിലെ മൊത്തം എണ്ണ വിൽപ്പനയുടെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസിലൂടെയുള്ള ചരക്കു ഗതാഗതം നിലച്ചതാണ് ഏറ്റവും വലിയ ആശങ്ക. എണ്ണ വിപണിയിലെ പ്രതിസന്ധി നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുകയാണ്. ജപ്പാൻ, കൊറിയ, സിംഗപ്പൂർ, ഹോങ്കോംഗ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി സൂചികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു.

ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ണീർ മഴ

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ എണ്ണ വില കത്തിക്കയറിയതിന്റെ ആശങ്കയിൽ ഇന്ത്യൻ ഓഹരി ഇന്നലെയും മൂക്കുകുത്തി. മുഖ്യ സൂചികയായ സെൻസെക്സ് 1,353 പോയിന്റ് ഇടിഞ്ഞ് 77,566.16ൽ അവസാനിച്ചു. നിഫ്റ്റി 422 പോയിന്റ് തകർച്ചയോടെ 24,028.05ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിൽ മൂന്ന് ശതമാനം ഇടിവുണ്ടായി. പൊതുമേഖല ബാങ്ക് ഓഹരികളുടെ വിലയിൽ അഞ്ച് ശതമാനം ഇടിവുണ്ടായി. ഓയിൽ ആൻഡ് ഗ്യാസ്, ധനകാര്യ, വാഹന മേഖലകളിലെ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു. മാരുതി സുസുക്കി. അൾട്രാടെക്ക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ, അദാനി പോർട്ട്‌സ്, ഇൻഡിഗോ തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ ഒൻപത് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.

ക്രൂഡ് വില ഒരു ഡോളർ കൂടിയാൽ ഇറക്കുമതി ചെലവിലെ വർദ്ധന

16,000 കോടി രൂപ

എണ്ണ വില വർദ്ധനയുടെ പ്രത്യാഘാതങ്ങൾ

1. ഇന്ത്യയുടെ ഇറക്കുമതി ബിൽ കുത്തനെ കൂടും

2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കും

3. ഇന്ധന വിലക്കയറ്റം കമ്പനികളുടെ ലാഭത്തെ ബാധിക്കും

4. രാജ്യത്തിന്റെ ജി.ഡി.പി വളർച്ച മന്ദഗതിയിലാക്കും

റെക്കാഡ് താഴ്ചയിലേക്ക് മൂക്കുകുത്തി രൂപ

ക്രൂഡോയിൽ വിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 53 പൈസ നഷ്‌ടത്തോടെ റെക്കാഡ് താഴ്ചയായ 92.35ൽ അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360