SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

ലഹരിയിൽ പിടിമുറുക്കി കോട്ടുകാലും വെങ്ങാനൂരും

വിഴിഞ്ഞം: കോട്ടുകാലും വെങ്ങാനൂരും ലഹരിയുടെ പിടിയിൽ. കോട്ടുകാൽ വേങ്ങപ്പൊറ്റ ഗുരുമന്ദിരത്തിനും സ്കൂളിനും സമീപം സുലഭമായി ലഹരി വസ്തുക്കൾ കിട്ടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വേങ്ങപ്പൊറ്റയിലെ എസ്.എൻ.ഡി.പി ഹാളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനു പരിസരത്തെ ലഹരി വില്പന സ്കൂൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബുദ്ധിമുട്ടും ഭീക്ഷണിയുമുണ്ടാക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇവിടെ പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. രാപകൽ ഇവിടെ വാഹനങ്ങൾ വന്നു പോകുന്നത് പരിസരവാസികൾക്ക് ശല്യമാകാറുണ്ട്.

കഞ്ചാവും രാസലഹരിയും വ്യാപകം

വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിനു സമീപത്തെ ഇടറോഡുകൾ കേന്ദ്രീകരിച്ച് കഞ്ചാവും രാസലഹരിയും വ്യാപകമാണ്. ഇടറോഡ് ആയതിനാൽ സമീപത്തെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.

ഇവിടെ നിരന്തരം ലഹരിസംഘങ്ങൾ ഏറ്റുമുട്ടുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന വ്യാപക പരാതിയുണ്ട്.

ലഹരിപ്പാച്ചിൽ

ലഹരി ഉപയോഗിച്ച ശേഷം ഇരുചക്രവാഹനങ്ങൾ ഈ പ്രദേശങ്ങളിലൂടെ ചീറിപ്പായുന്നത് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാണ്. പല വാഹനങ്ങളിലും നമ്പർ പ്ലേറ്റുകൾ പോലും കാണാറില്ല.

സ്കൂൾ സമയത്തും രാത്രിയും ലഹരിസംഘങ്ങൾ തമ്പടിക്കുന്ന പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ലഹരി കടത്താൻ ബൈപ്പാസ്

പുതിയ ബൈപ്പാസ് വന്നതോടുകൂടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട് ഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്താൻ എളുപ്പ മാർഗ്ഗമായി. കഴിഞ്ഞ മാസം 21.5 കിലോ കഞ്ചാവുമായി ഒരു കുടുംബവും മാർച്ച് മാസത്തിൽ വിവിധയിടങ്ങളിൽ നിന്നായി 64,47 കുപ്പി വിദേശ മദ്യവുമാണ് വെങ്ങാനൂർ വിഴിഞ്ഞം മേഖലകളിൽ നിന്നും എക്സൈസും ഡാൻസാഫും പിടികൂടിയത്. രഹസ്യ വിവരങ്ങൾ കിട്ടി പിടികൂടുന്നതല്ലാതെ മറ്റ് പരിശോധനകൾ ഇല്ലാത്തതും കഞ്ചാവ് കടത്തിന് സൗകര്യമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL