SignIn
Kerala Kaumudi Online
Monday, 25 May 2026 3.52 AM IST

തിരുവല്ലയെ ഇളക്കിമറിച്ച് മോദി : ജനസാഗരം സാക്ഷി​

modi

​തിരുവല്ല : തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവല്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ജനസാഗരമായിരുന്നു. ആളുകളെക്കൊണ്ട് പബ്ലിക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ചങ്ങനാശേരിയിൽ നിന്ന് എം.സി റോഡിലൂടെ എത്തിയ മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ആളുകൾ തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് വച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവർക്ക് ശേഷം വീണ്ടുമൊരു പ്രധാനമന്ത്രി കൂടി തിരുവല്ലയിൽ എത്തിയതിന്റെ ആവേശത്തിലായിരുന്നു ജനങ്ങൾ. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനെത്തിയ ലോകനേതാവിനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്കും പരിസരത്തേക്കും ഒഴുകിയെത്തിയത്. ​രാവിലെ മുതൽ നഗരത്തിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രവാഹമായിരുന്നു. ഉച്ചയായതോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ഇതേത്തുടർന്ന് പുറത്തുള്ള റോഡുകളിലും എൽ.ഇ.ഡി സ്ക്രീനുകൾക്ക് മുന്നിലും ജനങ്ങൾ തടിച്ചുകൂടി. പ്രധാനമന്ത്രി വേദിയിലെത്തിയതോടെ 'മോദി.. മോദി..' വിളികളാൽ സ്റ്റേഡിയം മുഖരിതമായി. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് സ്വാഗതം പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ, മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി, ദേശീയ സമിതിയംഗം വിക്ടർ ടി.തോമസ്, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണൻ, എസ്.സുരേഷ്, എൻ.ഡി.എ സ്ഥാനാർത്ഥികളായ അനൂപ് ആന്റണി (തിരുവല്ല), എം.വി.ഗോപകുമാർ (ചെങ്ങന്നൂർ), പന്തളം പ്രതാപൻ (അടൂർ), ടി.പി.സുന്ദരേശൻ (കോന്നി), സന്ദീപ് വാചാസ്പതി (ഹരിപ്പാട്), ബി.രാധാകൃഷ്ണ മേനോൻ (ചങ്ങനാശ്ശേരി), തോമസ് കെ.സാമുവൽ (റാന്നി), സന്തോഷ് ശാന്തി (കുട്ടനാട്), അരുൺ അനിരുദ്ധൻ (അമ്പലപ്പുഴ), നേതാക്കളായ വിജയകുമാർ മണിപ്പുഴ, അയിരൂർ പ്രദീപ്കുമാർ, കെ.ബിനുമോൻ, സജു ഇടക്കല്ലിൽ, ശ്യാം ചാത്തമല, ടിറ്റുതോമസ് എന്നിവർ പ്രസംഗിച്ചു.

സ്നേഹ സമ്മാനമായി​ നെറ്റിപ്പട്ടം മുതൽ ശൂലം വരെ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകാൻ ചിത്രങ്ങളും മറ്റു സമ്മാനങ്ങളുമായി നിരവധിപ്പേരാണ് എത്തിയത്. അനൂപ് ആന്റണി കഥകളി മുഖം നൽകിയപ്പോൾ കുമ്മനം രാജശേഖരൻ നൽകിയത് ആറന്മുള കണ്ണാടിയാണ്. ഹരിപ്പാട്ടെ സ്ഥാനാർത്ഥി മുരുകന്റെ ശൂലമാണ് മോദിക്ക് നൽകിയത്. പടയണി തപ്പും നെറ്റിപ്പട്ടവും അമ്മയോടൊപ്പമുള്ള മോദിയുടെ ചിത്രങ്ങളും ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ വാരികൂട്ടിയാണ് മോദി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL