SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

മിൽമ പാൽ വില കൂട്ടിയാലും .... ക്ഷീര കർഷകന് ക്ഷീണം മാറില്ല

milk

കോട്ടയം : പാൽ വില മിൽമ വർദ്ധിപ്പിച്ചാലും ക്ഷീരകർഷകർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥ മാത്രമാണ്. കന്നുകാലികളെ തീറ്റിപ്പോറ്റുന്നതിനും പരിപാലിക്കുന്നതിലുമുള്ള പ്രതിസന്ധി മൂലം ജില്ലയിലെ ക്ഷീരകർഷകർ ഈ മേഖലയോട് വിടപറയുകയാണ്. വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കന്നുകാലി വളർത്തൽ. ഒരു ലിറ്റർ പാലിന് 10 രൂപ വർദ്ധിപ്പിച്ചിരുന്നെങ്കിൽ ചെറുകിട കർഷകർക്ക് ആശ്വാസമാകുമായിരുന്നു. ആറു രൂപ വരെ വർദ്ധിപ്പിക്കണമെന്ന മിൽമയുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. വർദ്ധിപ്പിക്കുന്ന തുകയുടെ 80 ശതമാനത്തോളം തുക കർഷകനെന്നാണ് അറിയിച്ചിരിക്കുന്നത്. ശരാശരി 10 ലിറ്റർ പാൽ വിൽക്കുന്ന കർഷകന് അധികമായി ലഭിക്കുക 35 രൂപയിൽ താഴെ മാത്രം. കാലിവളർത്തലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും കുറഞ്ഞ് 30, 50 ശതമാനം വർദ്ധനയുണ്ടെന്നിരിക്കേയാണ് നാല് വർഷത്തിനു ശേഷം ഒരു ലിറ്റർ പാലിന് നാലു രൂപ കൂട്ടിയതെന്ന് കർഷകർ പറയുന്നു.

കാലിത്തീറ്റ വില താങ്ങില്ല

ഒരാഴ്ച മുൻപാണ് കാലിത്തീറ്റ വില കമ്പനികൾ വർദ്ധിപ്പിച്ചത്. ക്ഷീര കർഷകർ ഏറ്റവും കൂടുതൽ വാങ്ങുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ വില 40 രൂപ വർദ്ധിപ്പിച്ച് 1540 രൂപയായി. ഗോതമ്പ് തവിട് വില 1500 രൂപയായി. വിലക്കുറവിൽ മിൽമയുടെയും കേരള ഫീഡ്‌സിന്റെയും കാലിത്തീറ്റ ലഭ്യമാണെങ്കിലും മുൻകൂർ പണമടയ്ക്കണം. ക്ഷീര സംഘങ്ങളിൽ പാൽ വിൽക്കുന്ന കർഷകർക്ക് ശരാശരി ലഭിക്കുന്നത് 45, 48 രൂപയാണ്. ഉത്പാദന ചെലവും ഇതുതന്നെ. സ്വകാര്യ കമ്പനികൾ മൂന്നു മാസം മുമ്പേ പാൽ വില 60 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാർ മിൽമയുടെ നിർദ്ദേശം മരവിപ്പിച്ചിരിക്കുകയായിരുന്നു.

കർഷകന് ലഭിക്കുന്നത് 45 - 48

മുന്നിൽ വലിയ കടമ്പ

മരുന്നും, കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല
പശുക്കൾക്ക് അകിടുവീക്കം, ദഹനപ്രശ്‌നം തുടങ്ങിയവും വർദ്ധിച്ചു
വേനൽക്കാലമായതിനാൽ തീറ്റ, വെള്ള ക്ഷാമവും തിരിച്ചടിയാകും
നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്


''പാൽ,വില വർദ്ധിപ്പിച്ചെന്ന കാരണത്താൽ ഇനിയും കാലിത്തീറ്റ വില വർദ്ധിക്കുമെന്ന ആശങ്കയുണ്ട്. ഏതു മുന്നണി അധികാരത്തിൽ വന്നാലും ആദ്യ വർഷം പാൽ വില വർദ്ധിപ്പിക്കില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ വില ആറുരൂപയെങ്കിലും വർദ്ധിപ്പിക്കണമായിരുന്നു.

(ജോബിൻ, ക്ഷീര കർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL