SignIn
Kerala Kaumudi Online
Monday, 25 May 2026 2.56 AM IST

പാലായിലെ പോരാണ് പോര് !

kapa

കോട്ടയം : മൂന്നുമുന്നണി സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയതോടെ ജില്ലയിൽ ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമായി പാലാ മാറി. സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ വീണ്ടും യു.ഡി.എഫിനായി ഇറങ്ങുമ്പോൾ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് എൽ.ഡി.എഫിനായി രംഗത്ത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജാണ് എൻ.ഡി.എ സ്ഥാനാർത്ഥി. അരനൂറ്റാണ്ടിലേറെക്കാലം പാലായെ കൈവെള്ളയിൽ സൂക്ഷിച്ച കെ.എം.മാണിയുടെ മരണ ശേഷം കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണ് ജോസിന്. മണ്ഡലം ഇളക്കിമറിച്ച റോഡ് ഷോയോടെ പ്രചാരണം തുടങ്ങി. പാലായിൽ വികസന പ്രവർത്തനങ്ങൾ മുരടിച്ചുവെന്നും എം.പി എന്ന നിലയിൽ കൊണ്ടുവന്ന പദ്ധതികൾ മാത്രമാണുള്ളതെന്നും ജോസ് പറയുന്നു. എന്നാൽ വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്ന കളികളാണ് ഇടതുമുന്നണി നടത്തിയതെന്നാണ് കാപ്പന്റെ ആരോപണം. ബി.ജെ.പി സ്ഥാനാത്ഥിത്വം നേരത്തെ ഉറപ്പിച്ച ഷോൺ ജോർജ് മണ്ഡലത്തിൽ സജീവമാണ്. വ്യാപാരസ്ഥാപനങ്ങളിൽ കയറി ഷോൺ വോട്ട് അഭ്യർത്ഥന തുടങ്ങി.

ആത്മവിശ്വാസത്തിന്റെ നെറുകയിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ പാല നഗരസഭയും സമീപ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തതിന്റെ ആത്മ വിശ്വാസത്തിലാണ് കാപ്പൻ. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചത് തങ്ങൾക്കാണെന്ന് ജോസും അവകാശപ്പെടുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ പല പഞ്ചായത്തുകളും പാലായോട് കൂട്ടിച്ചേർത്തതാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഇവിടെ ലഭിച്ച ഭൂരിപക്ഷത്തിലാണ് ഷോണിന്റെ പ്രതീക്ഷ. ഷോൺ പിടിക്കുന്ന വോട്ടുകളാകും ജയപരാജയത്തിൽ നിർണായകമാകുക.

ജോസ് കെ മാണി

കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമാണ്. 2009 ലും 2014 ലും കോട്ടയത്തു നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2018 ലും, 21 ലും രാജ്യസഭാംഗമായി.

മാണി സി കാപ്പൻ

2019 മുതൽ എം.എൽ എ. എൻ.സി പി സംസ്ഥാന ട്രഷററും, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. പിന്നീട് എൻ.സി.കെ പാർട്ടി രൂപീകരിച്ചു. രാജ്യാന്തര വോളിബാൾ താരവും സിനിമാ പ്രവർത്തകനുമാണ്.

ഷോൺ ജോർജ്

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കെ.എസ്.സി,​ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു. യുവജന ക്ഷേമബോർഡ് ഡയറക്ടറായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL