SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 AM IST

കൊല്ലം കോർപ്പറേഷനിൽ നഗരതീരം നരകമാക്കി കുടിവെള്ള ക്ഷാമം

കുടിവെള്ളം കിട്ടുന്നത് ദിവസം അര മണിക്കൂർ മാത്രം

കൊല്ലം: കൊല്ലം നഗരത്തിലെ തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അതി രൂക്ഷമായി തുടരുന്നു. നേരത്തെ രണ്ട് ദിവസം കൂടുമ്പോൾ രണ്ട് മണിക്കൂർ വരെ ടാപ്പിലൂടെ വെള്ളം ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും കഷ്ടിച്ച് അര മണിക്കൂറാണ് വെള്ളം ലഭിക്കുന്നത്.

ശാസ്താംകോട്ട, ജപ്പാൻ കുടിവെള്ള പദ്ധതി എന്നിവയിൽ നിന്നുള്ള വെള്ളം നഗരത്തിലെ വിവിധ ടാങ്കുകളിൽ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. വേനൽ രൂക്ഷമായി ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചതും ലഭിക്കുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും കാരണം കിട്ടുന്ന ജലം അര ദിവസത്തേക്ക് പോലും തികയില്ല. പല കുടുംബങ്ങളും കുടിവെള്ള കണക്ഷൻ വീട്ടിലെ ടാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ട് ദിവസം കൂടുമ്പോൾ അര ടാങ്ക് വെള്ളം പോലും കിട്ടുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും എല്ലാ കുടുംബങ്ങൾക്കും ലഭിക്കുന്നില്ല. ടാങ്കർ ലോറി നിറുത്തുന്ന സ്ഥലങ്ങളിൽ സ്ത്രീകൾ കൂടങ്ങളുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

 പൊലിക്കോട്ട് കുടിവെള്ളം ചോരുന്നു

നാടാകെ കുടിവെള്ളത്തിനായി കേഴുമ്പോൾ വാളകം പൊലിക്കോട് വാൽവിലെ തകരാർ കാരണം പ്രതിദിനം 25 ലക്ഷം ലിറ്റർ കുടിവെള്ളം ഒന്നരവർഷത്തിലേറെയായി ചോരുന്നു. പൊലിക്കോട്- തടിക്കാട് റോഡിൽ കലുങ്കിന് സമീപമാണ് കുടിവെള്ളം ചോർന്ന് തോട്ടിലേക്ക് ഒഴുകുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമലയിലെ പ്ലാന്റിൽ നിന്ന് കൊല്ലത്തേക്കുള്ള പൈപ്പ് ലൈനിലെ വാൽവിലാണ് ചോർച്ച. നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ല. കൊട്ടാരക്കര ഡിവിഷനിലെ വാളകം സെക്ഷൻ പരിധിയിലാണ് ചോർച്ച. വാൽവിന് ചുറ്റും കെട്ടുന്ന വെള്ളം പൈപ്പ് വഴി തോട്ടിലേക്കാണ് പോകുന്നത്. ആയിരം ലിറ്റർ ജലം ശുദ്ധീകരിക്കാൻ സർക്കാർ കണക്ക് പ്രകാരം 25 രൂപയ്ക്ക് മുകളിൽ വേണം. ഈ കണക്ക് പ്രകാരം പൊലിക്കോട്ടെ ചോർച്ചയിലൂടെ പ്രതിദിനം 6.25 ലക്ഷം രൂപ നഷ്ടമാവുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL