SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

വിജയകുമാരിയുടെ ആഗ്രഹമാണ്, ഒരി​ക്കൽക്കൂടി​ മീനാക്ഷിയാകണം

as
വിജയ കുമാരി

കൊല്ലം: 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പതിമൂന്നുകാരി മീനാക്ഷിയായി ഒരിക്കൽ കൂടി അരങ്ങിലെത്തണം'. സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അർഹയായ പ്രസിദ്ധ നാടകനടിയും സീരിയൽ അഭിനേതാവുമായ വിജയകുമാരി ഒ.മാധവൻ പറഞ്ഞുതുടങ്ങിയപ്പോൾ കണ്ണുകളിൽ അഭിനയത്തിളക്കം. ശാരീരിക അവശതകൾ അലട്ടുന്നുണ്ടെങ്കിലും തന്റെ മനസ് ഇപ്പോഴും അരങ്ങിലാണെന്ന് വിജയകുമാരി പറയുന്നു.

നാടകത്തിലെ കേന്ദ്രകഥാപാത്രമായ പരമുപിള്ളയുടെ മകളാണ് മീനാക്ഷി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിജയകുമാരി മീനാക്ഷിയായി വേഷമിടുന്നത്. വിജയകുമാരിയുടെ അപ്പച്ചിയുടെ മകൾ സുധർമ്മ നാടകത്തിൽ അഭിനയിച്ചിരുന്നു. സുധർമ്മ പറഞ്ഞാണ് വിജയകുമാരിയെ കുറിച്ച് കാമ്പിശ്ശേരി കരുണാകരൻ അറിയുന്നത്.

ഒരു ദിവസം കൊല്ലം കന്റോൺമെന്റ് സ്കൂൾ മുറ്റത്ത് വിജയകുമാരി കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ കാമ്പിശ്ശേരി കരുണാകരനും അഡ്വ. ജി.ജനാർദ്ദനക്കുറുപ്പും അവിടെയെത്തി. തുടർന്ന് വിജയകുമാരിയുടെ പട്ടത്താനത്തെ വീട്ടിലുമെത്തി. ഒരുതവണ അരങ്ങിൽ കയറാനാണ് അമ്മ അനുവാദം നൽകിയത്. എന്നാൽ, ചവറ തട്ടാശേരിയിൽ 1952 ഡിസംബർ 6ന് നടന്ന ആദ്യ അവതരണത്തിൽ തന്നെ 32 ബുക്കിംഗുകൾ ലഭിച്ചു.

ഇതോടെ മീനാക്ഷിയായി കെ.പി.എ.സിക്കൊപ്പം വിജയകുമാരിയുടെ നാടകസഞ്ചാരം തുടർന്നു.

മീനാക്ഷി കഴിഞ്ഞാൽ കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിലെ വേഷങ്ങളോടാണ് ഏറെ പ്രിയം. കാളിദാസ കലാകേന്ദ്രം പുതിയ നാടകമെടുക്കുമ്പോൾ സ്ക്രിപ്റ്റ് ഇപ്പോഴും വായിച്ച് കേൾക്കും. ഫൈനൽ റിഹേഴ്സലും കാണാറുണ്ട്.

ഓർമ്മകളിൽ

ആനയും പെട്ടിയും


​ഭർത്താവും നാടക സംവിധായകനും പ്രശസ്ത നടനുമായ ഒ.മാധവനുമൊത്തുള്ള രസകരമായ ഓർമ്മയും വിജയകുമാരി പങ്കുവച്ചു. ഒരു ഉത്സവപ്പറമ്പിൽവച്ച് ലഭിച്ച പ്രതിഫലം (നാണയത്തുട്ടുകൾ) വിജയകുമാരിയെ ഏൽപ്പിച്ച് മാധവൻ നാടകത്തിന് തയ്യാറെടുക്കുമ്പോഴാണ് ആന ഇടഞ്ഞത്. പേടിച്ചുപോയ വിജയകുമാരി പണപ്പെട്ടിയുമായി ഓടിവന്ന് രക്ഷപ്പെടാമെന്ന് പറഞ്ഞപ്പോൾ, മാധവൻ വഴക്കുപറഞ്ഞ് വേദിയിലേക്ക് പറഞ്ഞയച്ചു. എന്ത് സംഭവിച്ചാലും അരങ്ങിൽ കയറുക അന്നത്തെ നാടക തലമുറയ്ക്ക് ഒരു വാശിപോലെയായിരുന്നുവെന്ന് വിജയകുമാരി ഓർത്തെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL