SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

പ്രതീക്ഷ കൈവിടാതെ മുന്നണികൾ

s

ആലപ്പുഴ: വോട്ടെണ്ണലിന് മൂന്നുദിവസം മാത്രം ശേഷിക്കെ വോട്ടർമാരിലും രാഷ്ട്രീയ കക്ഷികളിലും ഒരേസമയം ആകാംക്ഷയ്ക്കും ആശങ്കയ്ക്കും ഇടയാക്കിയിരിക്കുകയാണ് കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ. സി.പി.എം വിട്ട മുൻമന്ത്രിയും മുതിർന്നനേതാവുമായ ജി. സുധാകരന്റെ പോരാട്ടത്തോടെ കേരളമാകെ ആലപ്പുഴയിലേക്ക് ഉറ്റുനോക്കുമ്പോൾ ജി.സുധാകരന്റെ പടിയിറക്കത്തിന് പിന്നാലെ ജില്ലയിൽ ഇടതുമുന്നണി മൂക്കുകുത്തുമെന്നാണ് പൊതുവിൽ സർവേ ഫലങ്ങളുടെ ചുരുക്കം.

എന്നാൽ ഒറ്റപ്പെട്ട ചില സർവേകൾ അമ്പലപ്പുഴയിൽ ഇടതുമുന്നണിയ്ക്ക് വിജയം പ്രവചിക്കുന്നുണ്ടെങ്കിലും ഇടതുകുത്തകയായ ജില്ലയിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മാത്രമായിരുന്നു യു.ഡി.എഫിന്റെ ഏക സീറ്റ്. എന്നാൽ ഇത്തവണ 5മുതൽ 7 വരെ സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേ പ്രവചനം. പുന്നപ്ര-വയലാർ രക്ഷസാക്ഷി പാരമ്പര്യമുള്ള ആലപ്പുഴയിൽ ഇടതുമുന്നണിയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന സർവേ ഫലങ്ങളെ നേതൃത്വം പുച്ഛിച്ച് തള്ളുമ്പോൾ അണികളിൽ ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയമുറപ്പിച്ച മണ്ഡലങ്ങൾ കൈമോശം വരുമെന്ന സർവെ റിപ്പോർട്ടാണ് കാരണം. നിലമെച്ചപ്പെടുമെന്നതിൽ സംശയം ലവലേശമില്ലാത്ത യു.ഡി.എഫ് സർവ്വേ പ്രവചനത്തേക്കാൾ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയ്ക്ക് ഒരു സീറ്റുപോലും ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് സർവേ കണ്ടെത്തലുകളെങ്കിലും മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടെണ്ണം കൂട്ടുമെന്നാണ് നിരീക്ഷണം.

....................................

സർവേഫലങ്ങൾ കാര്യമാക്കുന്നില്ല. ഒരുകാര്യവും മനസിലാക്കാതെയുള്ള സർവേകളാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സർവേഫലങ്ങൾ തെളിവാണല്ലോ. അമ്പലപ്പുഴയിൽ മാത്രമല്ല ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കും

-ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി.

ഒരുസംശയവും വേണ്ട. ജില്ലയിൽ 5മുതൽ 7വരെ സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കും. അമ്പലപ്പുഴയുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണ്. കടുത്ത മത്സരം നടക്കുന്ന കായംകുളത്തും ചേർത്തലയും യു.ഡി.എഫിന് തന്നെയാണ് സാദ്ധ്യതയെന്നാണ് കരുതുന്നത്.

- അഡ്വ. എ.എ ഷുക്കൂർ.കെ.പി.സി.സി വൈസ് പ്രസിഡന്റ്

ശക്തമായ പോരാട്ടമാണ് എൻ.ഡി.എ നടത്തിയത്. വോട്ടിന്റെ കാര്യത്തിലും സീറ്രിന്റെ കാര്യത്തിലും നല്ല മുന്നേറ്റമുണ്ടാക്കും

- അഡ്വ. പി.കെ ബിനോയ്, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL