SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

ഇ.എസ്.ഐയിൽ മരുന്ന് ക്ഷാമം

s

ആലപ്പുഴ: പുതിയ വർഷം ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടിട്ടും മരുന്നിന്റെ സ്റ്റോക്ക് എത്താത്തത് ഇ.എസ്.ഐ ഡിസ്പെൻസറികളിലെത്തുന്ന രോഗികളെ വലയ്ക്കുന്നു. ഗ്യാസ് ട്രബിളിന്റെ മരുന്നിന് പോലും പുറത്തെ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ.

ക്യാൻസർ രോഗികൾക്ക് ആവശ്യാനുസരണം മരുന്ന് എത്തിച്ചുനിൽകുന്നതാണ് പതിവ്. എന്നാൽ ഇതും മാസങ്ങളായി നിലച്ചു ഇതോടെ മരുന്ന് ക്ഷാമത്തിൽ പ്രതിഷേധിച്ച് രോഗികളും ഒപ്പമെത്തുന്നവരും ഇ.എസ്.ഐ അധികൃതരോട് തട്ടിക്കയറുന്നത് പതിവായി. എറണാകുളത്തെ സംഭരണകേന്ദ്രത്തിൽ നിന്ന് വിവിധ ജില്ലകളിലേക്ക് മരുന്ന് സ്റ്റോക്കെത്തിക്കാൻ ആവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇ.എസ്.ഐ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഒരുപോലെ മരുന്നിന് ക്ഷാമം നേരിടുകയാണ്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇൻസുലിനടക്കം കിട്ടാതെ മടങ്ങേണ്ടി വരുന്നു. ഇ.എസ്.ഐയുടെ എറണാകുളം ഫോർട്ട് കൊച്ചിയിലുള്ള മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് ആലപ്പുഴയടക്കം വിവിധ ജില്ലകളിലെ 56 ഡിസ്പെൻസറികളിലും 4 ആശുപത്രികളിലും മരുന്നെത്തിക്കേണ്ടതത്. സ്റ്റോറിന് ആകെയുള്ള വാഹനം 15വർഷ കാലാവധി പൂർത്തിയായതിനാൽ നിരത്തിലിറക്കാനാകില്ല. വാടകയ്ക്ക് വാഹനമെടുത്താണ് മരുന്ന് വിതരണം നടത്തിവരുന്നത്.

സ്റ്റോക്ക് എത്തിക്കാൻ വാഹനമില്ല

 കേന്ദ്രസർക്കാരിന്റെ ഇ - മാർക്കറ്റായ ഗവൺമെന്റ് ഇ മാർക്കറ്റ് (ജെം) വഴി വർഷത്തിൽ രണ്ട് തവണയായാണ് എറണാകുളം റീജിയനുള്ള സ്റ്റോക്ക് എത്തേണ്ടത്

ഓരോ ഡിസ്പൻസറിയും, ആശുപത്രിയും സമർപ്പിക്കുന്ന വാർഷിക ഇൻഡന്റ് പരിശോധിച്ച് അതത് കേന്ദ്രത്തിലേക്കുള്ള സ്റ്റോക്ക് ബോക്സുകളാക്കി ലോഡ് ചെയ്യണം

 ഒരു ലോഡിൽ അഞ്ഞൂറ് ബോക്സുകൾ വരെയുണ്ടാകും. ചില ആശുപത്രികളിൽ സ്റ്റോക്കെത്തിക്കാൻ ഒന്നിലധികം തവണ പോകേണ്ടിവരും

കാലതാമസം മൂലം സൗജന്യമായി ലഭിക്കേണ്ട ജീവൻരക്ഷാ മരുന്നുകൾ പുറത്ത് നിന്ന് പണം കൊടുത്ത് വാങ്ങുകയാണ് ഗുണഭോക്താക്കൾ

റീഇംബേഴ്സ്മെന്റ് തലവേദന

ഇ.എസ്.ഐ വഴി ലഭ്യമാകാത്ത മരുന്നുകൾ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങിയതിന്റെ ബില്ല് സമർ‌പ്പിക്കുന്ന മുറയ്ക്ക് ചിലവായ തുക അക്കൗണ്ടിൽ എത്തുന്ന റീഇംബേഴ്സ്മെന്റ് നടപടി വെറും പ്രഹസനമാണെന്നാണ് രോഗികളുടെ പരാതി. വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച ബില്ലുകൾ പോലും പലർക്കും പാസായി കിട്ടിയിട്ടില്ല. പതിനായിരം രൂപ മരുന്നിനായി മുടക്കേണ്ടി വരുമ്പോൾ പരമാവധി രണ്ടായിരം രൂപ മാത്രമാണ് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതെന്നും രോഗികൾ പറയുന്നു.

ഇ.എസ്.ഐ എറണാകുളം റീജിയന് കീഴിൽ

 4 ആശുപത്രികൾ

 56 ഡിസ്പൻസറികൾ

ഇ.എസ്.ഐ വഴിയുള്ള മരുന്ന് വിതരണം നിലച്ചിട്ട് മാസങ്ങളായി. പുറത്ത് നിന്ന് മരുന്ന് വാങ്ങാൻ കൈയിൽ പണം തികയില്ല

- ഇന്നലെ മരുന്ന് വാങ്ങാൻ ഇ.എസ്.ഐയിലെത്തിയ ക്യാൻസർ രോഗി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL