SignIn
Kerala Kaumudi Online
Monday, 25 May 2026 1.53 AM IST

പത്തി താഴ്‌ത്താതെ പാമ്പ് ശല്യം,​ രണ്ട് പേർക്ക് കടിയേറ്റു

ph

കായംകുളം: വേനൽ കടുപ്പത്തിൽ മാളം വിട്ടിറങ്ങിയ പാമ്പുകളുടെ ശല്യം തുടരുന്നു. ജില്ലയിൽ രണ്ട് സ്ത്രീകളുടെ മരണത്തിന് പിന്നാലെ വിദ്യാർത്ഥിനിയുൾപ്പടെ രണ്ട് പേരെ പാമ്പ് കടിച്ചു. കായംകുളത്ത് വീട്ടുമുറ്റത്തെ പൈപ്പിൻ ചുവട്ടിൽ കാൽ കഴുകാൻ പോയ 15 വയസുകാരിക്കും തോട്ടപ്പള്ളിയിൽ 51കാരനുമാണ് കടിയേറ്റത്. കായംകുളം എരുവ തറയിൽ സന്തോഷ്കുമാറിന്റെ മകൾ അനാമികയ്ക്ക് വെള്ളിയാഴ്ച്ച രാത്രി ഏഴരയ്ക്കാണ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചതായി അനാമിക അമ്മയോട് പറഞ്ഞു. ഉടൻ തന്നെ പിതാവെത്തി കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ആദ്യം നടത്തിയ രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തിയില്ല. നിരീക്ഷണത്തിൽ ഇരിക്കവേ കാലിന് വേദനയും നീരും വന്നതോടെ രണ്ടാമത് നടത്തിയ രക്ത പരിശോധനയിലാണ് പാമ്പ് കടി വ്യക്തമായത്.

ആന്റീവെനം കൊടുത്ത ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വീട്ടുകാർ നൂറനാട്​ കെ.സി.എം ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

അമ്പലപ്പുഴ തോട്ടപ്പള്ളി നാലു ചിറകിഴക്കേ ചിറയിൽ സാലിക്ക്​ (51) വെള്ളിയാഴ്ച രാത്രി 12.30നാണ് കടിയേറ്റത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ വാതിൽപ്പടിയിൽ കിടന്ന അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു. സാലി വടി കൊണ്ടടിച്ച് പാമ്പിനെ കൊന്നു. ചത്ത പാമ്പിനെയും കൊണ്ടാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയത്. 72 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അണലി കടിച്ചതിനാൽ ക്രിയാറ്റിൻ നിലയിൽ വ്യത്യാസം കാണിക്കുന്നുണ്ട്. രോഗി ആഹാരം കഴിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

സെലീനയെ കടിച്ച അണലിയെ കണ്ടെത്തി

കായംകുളം ചേരാവള്ളി വടക്കേ തോപ്പിൽ സെലീനയുടെ (42) മരണത്തിനിടയാക്കിയ പാമ്പിനെ ശുചീകരണത്തിനിടെ കണ്ടെത്തി. നഗരസഭ ജീവനക്കാർ മെഷീൻ ഉപയോഗിച്ച് റോഡിനിരുവശത്തെ കുറ്റിക്കാട് ക്ളീൻ ചെയ്യുന്നതിനിടെ മെഷീനിൽ കുരുങ്ങി ചത്തനിലയിലാണ് അണലിയെ കണ്ടെത്തിയത്. സെലീനയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പാമ്പ് കടിച്ചത് സ്ഥിരീകരിച്ച് ആന്റിവെനം നൽകാതിരുന്നത് വിവാദമായിരുന്നു. സംഭവത്തിൽ കുടുംബം പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകും. ഇതേ പ്രദേശത്ത് എ.ടി.എം കൗണ്ടറിന് മുന്നിൽ ഇന്നലെ മൂർഖൻ പാമ്പിനെ കണ്ടെത്തി. തൊട്ടടുത്തുള്ള അടഞ്ഞുകിടക്കുന്ന കടയുടെ ഷട്ടറിന് ഇടയിലൂടെയാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL