SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

വേമ്പനാട്ടുകായലിൽ ഇനി തെന്നിപ്പറക്കാം

watersports

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഓളപ്പരപ്പിൽ ഇനി തെന്നിപ്പറക്കാം. കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ച് കായലോളങ്ങളെ തഴുകിപ്പായാം. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് 4ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം വട്ടക്കായൽ ടെർമിനലിൽ നിർവ്വഹിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി ) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ ഈ സാഹസിക ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ജെറ്റ് സ്കീ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിംഗ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജേഷ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ.തോമസ് എം.എൽ. എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജനപ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL