SignIn
Kerala Kaumudi Online
Monday, 25 May 2026 1.51 AM IST

മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി: സൈബറാക്രമണം നടത്തിയവർ മഹാനടനെ മനസിലാക്കാത്തവർ

mammooty

സി.പി.എം സോഷ്യൽ മീഡിയക്കാർക്ക്
മമ്മൂട്ടിയെ തിരിച്ചറിയാനായില്ലേ

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹാനടന് അത്തരത്തിലൊരു പ്രചാരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരസ്യമായി അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ബഹുനില മന്ദിര നിർമ്മാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കമുണ്ടായത് നിർഭാഗ്യകരമാണ്. ചെന്നെയിൽ നിന്നാണ് മമ്മൂട്ടി വയനാടെത്തിയത്. അവിടെ നല്ലരീതിയിൽ ഇടപെടുന്ന പൊതുപ്രവർത്തകനായ സി.പി.എം ജില്ലാസെക്രട്ടറി റഫീഖും അദ്ദേഹത്തിന്റെ കൂടയുണ്ട്. ആരെയും അറിയിച്ചുകൊണ്ടുള്ള യാത്രയായിരുന്നില്ല മമ്മൂട്ടിയുടേത്. സർക്കാരിനെയോ രാഷ്ട്രീയപാർട്ടികളെയോ അറിയിച്ചില്ല.

അതുകൊണ്ടുതന്നെ റഫീഖിനോട് മമ്മൂട്ടി പറഞ്ഞു 'നിങ്ങൾ ക്ഷണിച്ചിട്ട് ഞാൻ വന്നതല്ലല്ലോ, നിങ്ങൾ എന്റെ കൂടെ നടന്നാൽ മറ്റുരീതിയിൽ ചിത്രീകരിക്കപ്പെടില്ലേ'. ഒരു ക്യാമറയുടെയും മുന്നിൽ പറഞ്ഞതല്ല ഇത്. നാട്ടിൽ ക്യാമറയും ശരീരത്തിൽവച്ച് നടക്കുന്നവർ ധാരാളമുണ്ട്. അക്കൂട്ടത്തിൽ ഒരാൾ ഇവരുടെ അടുത്തുണ്ടായിരുന്നു. ഇപ്പോൾ ഷർട്ടിലെ ബട്ടണിലും പോക്കറ്റിലെ പേനയിലും ക്യാമറയാണെന്ന് നമ്മൾ അറിയില്ല. റഫീഖിനെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നൊക്കെ പ്രചരിപ്പിക്കാൻ തുടങ്ങി. സമൂഹമാദ്ധ്യമങ്ങളിൽ മമ്മൂട്ടിയെ വലിയ രീതിയിൽ ആക്രമിക്കുന്നുവെന്ന വാർത്തകളാണ് പിന്നീട് കേട്ടത്.

ഏറ്റവും നിർഭാഗ്യകരമായ കാര്യം സി.പി.എമ്മിന്റെ സോഷ്യൽമീഡിയ പോരാളികൾ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന വാർത്തയാണ്. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ രംഗത്ത് ഇടപഴകുന്നവർക്ക് മമ്മൂട്ടിയെ തിരിച്ചറിയാൻ കഴിയാത്ത കാലമായോ. മമ്മൂട്ടി ആരാണെന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥവന്നോ. സോഷ്യൽമീഡിയ ആരുടെയും നിയന്ത്രണത്തിലല്ല. എന്നാലും മമ്മൂട്ടിയെ മനസിലാക്കാൻ കഴിയണമായിരുന്നു.

സംഭവത്തിൽ റഫീഖ് കൃത്യമായി പ്രതികരിച്ചു. ഏതെങ്കിലും തരത്തിൽ അധിക്ഷേപമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. നല്ല ഒരുകാര്യത്തെ ചീത്തയാക്കാമെന്നതിന്റെ ഉദാഹരണമാണിത്. നന്മയെ തിരിച്ചറിയാനാകണം. അതിനെതിരെ വക്രീകരണവുമായി വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം വേണം. ഇതൊരു അനുഭവപാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAMMOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA