SignIn
Kerala Kaumudi Online
Monday, 25 May 2026 1.45 AM IST

ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ: മൊ​ജ്ത​ബാ പി​ൻഗാമി​

mojtaba

ടെൽ അവീവ്: കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയായി മകൻ മൊജ്തബാ ഖമനേയിയെ ( 56 ) രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഇറാൻ പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിന്റെ പാതയിൽ തുടരാൻ തന്നെയാണ് ഇറാന്റെ തീരുമാനമെന്ന് ഇതോടെ വ്യക്തമായി. ഞായറാഴ്ചയാണ് പുരോഹിത സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പർട്‌സ് മൊജ്തബായെ തിരഞ്ഞെടുത്തതെങ്കിലും ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് പ്രഖ്യാപിച്ചത്.

നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തങ്ങൾക്കും പങ്കുവഹിക്കാനുണ്ടെന്നും മൊജ്തബായെ അംഗീകരിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഇസ്രയേലാകട്ടെ, ഖമനേയിയുടെ പിൻഗാമികളെയെല്ലാം വധിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൊജ്തബാ അധികാരത്തിലേറിയത് യു.എസിന് അപമാനമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.


കുടുംബം നഷ്ടപ്പെട്ട നേതാവ്


1.ഫെബ്രു. 28ന് രാജ്യത്തുണ്ടായ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവിനെ കൂടാതെ മാതാവ്, ഭാര്യ, മകൻ എന്നിവരെയും മൊജ്തബായ്ക്ക് നഷ്ടപ്പെട്ടു. മറ്റ് രണ്ടു മക്കൾ സുരക്ഷിതർ. ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബാ. ഷിയാ പണ്ഡിതനും പുരോഹിതനുമാണ്.

2. ഭരണകൂടത്തിലെ ഉന്നത പദവികൾ വഹിച്ചിട്ടില്ലെങ്കിലും ഖമനേയിയുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ് എന്ന നിലയിൽ ആഭ്യന്തര, സുരക്ഷാകാര്യങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തി.ഇറാൻ റെവല്യൂഷണറി ഗാർഡുമായി ആഴത്തിലുള്ള ബന്ധം. ബാസിജ് പാരാമിലിറ്ററി വിഭാഗത്തെ നയിച്ചു.


 ആക്രമണം തുടരുന്നു


യു.എസിനും ഇസ്രയേലിനുമുള്ള തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തുടരുന്ന ആക്രമണങ്ങൾക്ക് ശമനമില്ല. ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ സിത്രയിൽ 32 പേർക്കും യു.എ.ഇയിലെ അബുദാബിയിൽ 2 പേർക്കും പരിക്കേറ്റു. ഖത്തറിൽ ദോഹയേയും സൗദിയിൽ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തെയും ലക്ഷ്യമാക്കിയ മിസൈലുകളെ തകർത്തു. ഇസ്രയേലിലെ ടെൽ അവീവിന് കിഴക്ക് മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതുവരെ 1,400ലേറെ പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA