SignIn
Kerala Kaumudi Online
Monday, 25 May 2026 4.49 AM IST

മുഖ്യൻ സതീശൻ തന്നെയെന്ന് ലീഗ്

satheeshan

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പിന്തുണ നൽകാൻ മുസ്ലിം ലീഗിൽ ധാരണ. മറ്റു പേരുകളിലേക്ക് പോവുന്നത് ജനവികാരത്തിനു എതിരാവുമെന്നും ഇക്കാര്യം ഉൾക്കൊണ്ട് കോൺഗ്രസ് ഐകകണ്ഠ്യേന തീരുമാനമെടുക്കണമെന്നുമാണ് ലീഗിന്റെ നിലപാട്. ശനിയാഴ്ച കോഴിക്കോട് ചേർ‌ന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും സതീശനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം നിലപാട് പരസ്യമാക്കാമെന്നായിരുന്നു തീരുമാനം.

എക്സിറ്റ് പോളുകളിൽ യു.ഡി.എഫ് മുന്നിലെത്തിയതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനു ലഭിച്ച പിന്തുണയും കോൺഗ്രസിലെ ചരടുവലികൾ സജീവമായതുമാണ് നിലപാട് പരസ്യമാക്കാൻ ലീഗിനെ പ്രേരിപ്പിച്ചത്. ലീഗിനോട് ചേർന്നുനിൽക്കുന്ന മുസ്ലിം സംഘടനകൾക്കും സതിശനോടാണ് താത്പര്യം.

ജനവികാരം കോൺഗ്രസ് മാനിക്കണമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ അഭിപ്രായപ്പെടുകയും ചെയ്തു.  മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിൽ ഘടകകക്ഷികളോട് കോൺഗ്രസ് ഹൈക്കമാൻഡ് അഭിപ്രായം ചോദിക്കുമെന്ന് ലീഗ് കരുതുന്നു.

പാർട്ടിയെ സതീശനിലേക്ക് ഏകോപിപ്പിക്കുകയെന്ന തന്ത്രവും സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. യു.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്തവരുടെ വികാരത്തിനൊപ്പം നിൽക്കുകയാണെന്ന് ലീഗിന്റെ മുതിർ‌ന്ന നേതാവ് കേരളകൗമുദിയോട് പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന അഭിപ്രായം ലീഗിനുണ്ട്. രണ്ടാംതവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്ന യു.ഡി.എഫിനു ആത്മവിശ്വാസം നൽകിയതിലും ഭരണമാറ്റത്തിലേക്ക് ജനവികാരം ഉയർത്തുന്നതിലും വി.ഡി വഹിച്ച പങ്ക് വലുതാണെന്ന് ലീഗ് കരുതുന്നു.

നൂലിൽകെട്ടിയിറക്കേണ്ട

പൊതുജനാഭിപ്രായം കെ.സി.വേണുഗോപാലിനും രമേശ് ചെന്നത്തലയ്ക്കും അനുകൂലമല്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ലീഗ് പ്രവർത്തക‌ർക്കും സതീശനോടാണ് താത്പര്യം. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ നൂലിൽകെട്ടിയിറക്കിയെന്ന ആക്ഷേപം ഉയരും. വി.ഡിയോട് രാഷ്ട്രീയ നെറികേട് കാണിച്ചതിന് ലീഗും കൂട്ടുനിന്നെന്ന ആരോപണത്തിനും വഴിയൊരുക്കും. കെ.സി.വേണുഗോപാലിനായി അനാവശ്യമായി ഉപ തിരഞ്ഞെടുപ്പ് വരുത്തിയെന്ന പഴിയും കേൾക്കേണ്ടിവരുമെന്ന് ലീഗ് ഭയക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA