SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

കൊന്നും പൊള്ളിച്ചും തീച്ചൂട്: രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു, 8 പേർക്ക് സൂര്യാതപമേറ്റു

s

തിരുവനന്തപുരം: കൊല്ലത്തും പാലക്കാട്ടുമായി രണ്ടുപേരെ സൂര്യാഘാത ലക്ഷണങ്ങളോടെ മരിച്ചനിലയിൽ കണ്ടെത്തി. വിവിധ ജില്ലകളിലായി 8 പേർക്ക് ഇന്നലെ സൂരാതപമേൽക്കുകയും ചെയ്തതോടെ അതീവ ജാഗ്രത പുലർത്താൻ ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശം. കണ്ണൂരിൽ കഴിഞ്ഞ ദിവസം സനൽകുമാർ എന്ന യുവാവ് സൂര്യാഘാതത്താൽ മരിച്ചിരുന്നു.

കൊല്ലം കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പിനെ (84, റിട്ട എയർഫോഴ്സ്) സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ പതിനൊന്നരയോടെയാണ് കണ്ടെത്തിയത്. മുഖത്തും കൈകളിലും ചുവന്ന പാടുകളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭാര്യ: ഓമന. മക്കൾ: റിഗോ, റിങ്കിൾ, ടിറ്റു.

പട്ടാമ്പി ശങ്കരമംഗലം തോട്ടുങ്ങൽ സിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീർ (60) വീടിന് സമീപത്തെ വളപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. മരണകാരണം സൂര്യാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നിലവിൽ പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

നാലുപേരെ പാമ്പ് കടിച്ചു

കടുത്ത വേനലിൽ പാമ്പ് ശല്യത്തിനും ശമനമില്ല. ആലപ്പുഴയിൽ വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടുപേരെ പാമ്പുകടിച്ചു. കായംകുളം എരുവതറയിൽ സന്തോഷ്‌കുമാറിന്റെ മകൾ അനാമികയ്ക്ക് (15)​ വീട്ടുമുറ്റത്തെ പൈപ്പിൻ ചുവട്ടിൽ നിന്നാണ് കടിയേറ്റത്. നൂറനാട്​ കെ.സി.എം ആശുപത്രിയിൽ അപകടനില തരണം ചെയ്തു. അമ്പലപ്പുഴ തോട്ടപ്പള്ളി നാലുചിറ കിഴക്കേ ചിറയിൽ സാലിക്ക്​ (51) വെള്ളിയാഴ്ച രാത്രി 12.30നാണ് കടിയേറ്റത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോൾ വാതിൽപ്പടിയിൽ കിടന്ന അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു. സാലി വടി കൊണ്ടടിച്ച് പാമ്പിനെ കൊന്നു. ചത്ത പാമ്പിനെയും കൊണ്ടാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയത്. രോഗിയുടെ നില തൃപ്തികരം. പാലാ കടനാട്ടിൽ പഞ്ചായത്തംഗത്തിന് പാമ്പുകടിയേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡ് മെമ്പറുമായ ജിജി തമ്പിക്ക് വീടിനു സമീപത്തുവച്ചാണ് അണലിയുടെ കടിയേറ്റത്.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ അങ്കണവാടി വർക്കർക്ക് പാമ്പ് കടിയേറ്റു. വിഷമില്ലാത്ത പാമ്പാണെന്ന് ആശുപത്രിയിൽ അധികൃതർ പറഞ്ഞു. എറണാകുളം കാലടിയിൽ വീട്ടുമുറ്റത്തെ ചെടിച്ചട്ടയിൽ നിന്ന് പാമ്പ് കടിയേൽക്കാതെ പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ പകൽ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങണം

- കെ. രാ‌ൻ, റവന്യുമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA