SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

സ്ഥാനാർത്ഥി നിർണ്ണയം: ബി.ജെ.പി.യിലും അതൃപ്തി

bjp

തിരുവനന്തപുരം:പതിവിന് വിരുദ്ധമായി ബി.ജെ.പിയിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പുകയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, എൻ.ഡി.എ. ജോയന്റ് കൺവീനർ എ.എൻ.രാധാകൃഷ്ണൻ, മുൻ വക്താവ് ജെ.ആർ.പത്മകുമാർ, ബി.ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കളെ പരിഗണിക്കാത്തതാണ് അമർഷത്തിന് കാരണം.

തൃശ്ശൂർ സീറ്റിലായിരുന്നു എം.ടി.രമേശിന് താൽപര്യം.ഇത് കോൺഗ്രസിൽ നിന്ന് വന്ന പത്മജ വേണുഗോപാലിന് നൽകി.ബി.ഗോപാലകൃഷ്ണൻ കൊടുങ്ങല്ലൂർ സീറ്റാണ് ചോദിച്ചത്. അത് ട്വന്റി20യ്ക്ക് നൽകി. എ.എൻ.രാധാകൃഷ്ണൻ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും കഴിഞ്ഞ അഞ്ച് വർഷമായി നിറസാന്നിധ്യമായി നിൽക്കുകയും ചെയ്ത മണലൂർ മണ്ഡലത്തിൽ അനീഷ് കുമാറെന്ന പുതുമുഖ സ്ഥാനാർത്ഥിയാണ്. തൃപ്പൂണിത്തുറയിൽ എ.എൻ.രാധാകൃഷ്ണനെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ട്വന്റി20യ്ക്ക് നൽകാനാണ് ഒടുവിലെ നീക്കം.ഇവിടെ മുൻസംസ്ഥാന വക്താവ് പി.ആർ.ശിവശങ്കറും അവകാശം ഉന്നയിച്ചിരുന്നു. കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി മഞ്ചേശ്വരം സീറ്റ് ചോദിച്ചിട്ടും മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നൽകിയതിൽ അതൃപ്തിയുണ്ട്. സുരേന്ദ്രൻ കഴിഞ്ഞതവണ കോന്നിയിലാണ് മത്സരിച്ചത്.

സംസ്ഥാനത്ത് ബി.ജെ.പി.യുടെ നില മെച്ചപ്പെട്ടതോടെയാണ് മുമ്പില്ലാത്തവിധം സ്ഥാനാർത്ഥി നിർണ്ണയത്തിലും അതൃപ്തിയെന്ന് പാർട്ടി നേതാക്കൾ പറയുന്നു. ബി.ജെ.പി 90 സീറ്റുകളിലാണ് മത്സരിക്കുന്നത്. 30സീറ്റ് ബി.ഡി.ജെ.എസിനും 12സീറ്റ് ട്വന്റി20യ്ക്കും എട്ട് സീറ്റ് മറ്റ് എൻ.ഡി.എ.കക്ഷികൾക്കുമാണ് നൽകിയത്. ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ട്വന്റി20അദ്ധ്യക്ഷൻ സാബുജേക്കബും മത്സരിക്കണമെന്ന് ബി.ജെ.പി.നിർദ്ദേശിച്ചുവെങ്കിലും അവർ തയ്യാറായിട്ടില്ല. ട്വന്റി20യ്ക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകുന്നതിൽ ബി.ജെ.പിയിൽ അതൃപ്തിയുണ്ട്. പറവൂരിൽ ബി.ഡി.ജെ.എസിനെ ഒഴിവാക്കി അടുത്തിടെ പാർട്ടിയിലെത്തിയ വത്സല പ്രസന്നകുമാറിനെ നിറുത്തുന്നതിൽ അവർക്ക് നീരസമുണ്ട്.തിരുവനന്തപുരത്തെ പാറശാല വേണമെന്ന കാമരാജ് കോൺഗ്രസിന്റെ ആവശ്യം നിരസിക്കപ്പെട്ടതിൽ അവർക്കും നീരസമുണ്ട്. പകരം അരുവിക്കര നൽകാമെന്ന നിർദ്ദേശം വിഷ്ണുപുരം ചന്ദ്രശേഖർ അംഗീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA