ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത; ഇറാനുമായി സമാധാന ചർച്ച വേണമെന്ന് യു.എസ്,​ വേണ്ടെന്ന് ഇസ്രയേൽ

Thursday 21 May 2026 12:55 PM IST

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയെന്ന് റിപ്പോർട്ട്. ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം സംഘർഷഭരിതമായിരുന്നെന്നാണ് യുഎസ് മാദ്ധ്യമങ്ങൾ പറയുന്നത്. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചതാണ് ഇസ്രയേലിനെ പ്രകോപിച്ചത്.

ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം നെതന്യാഹു കടുത്ത ദേഷ്യത്തിലും ആശങ്കയിലുമായിരുന്നുവെന്ന് യുഎസ് മാദ്ധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കാനും നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് ഭരണകൂടത്തെ ദുർബലപ്പെടുത്താനും വ്യോമാക്രമണം പുനഃരാരംഭിക്കണമെന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്.

യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അഭ്യർത്ഥനയെത്തുടർന്ന് ചൊവ്വാഴ്ച ഇറാനിൽ നടത്താനിരുന്ന ആക്രമണങ്ങൾ താൻ മാറ്റിവച്ചതായി ഞായറാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. യു എസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി ഖത്തറും പാക്കിസ്ഥാനും ചേർന്ന് പ്രാദേശിക മധ്യസ്ഥരുടെ സഹായത്തോടെ പുതുക്കിയ സമാധാന ഉടമ്പടി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മധ്യസ്ഥ ചർച്ചകളിൽ നെതന്യാഹുവിന് സംശയങ്ങൾ ഉണ്ടെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്.താൻ എന്തുപറഞ്ഞാലും ഇസ്രയേൽ പ്രധാനമന്ത്രി അത് അംഗീകരിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇരുവരും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.