SignIn
Kerala Kaumudi Online
Monday, 25 May 2026 2.53 AM IST

മോദിയുടെ ഗ്യാരന്റി: അവസരം തരൂ, കേരളം ഇരട്ടിവേഗം കുതിക്കും

modi

കൊച്ചി: ഇടത്-വലത് മുന്നണികളെ മാറ്റിനിറുത്തി എൻ.ഡി.എയ്ക്ക് അഞ്ചുവർഷം അവസരം തരൂ, അടിസ്ഥാന സൗകര്യവികസനത്തിലടക്കം സംസ്ഥാനത്തെ ഇരട്ടിവേഗത്തിൽ മുന്നിലെത്തിക്കാം. ഇത് മോദിയുടെ ഗ്യാരന്റി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് എറണാകുളത്ത് സംഘടിപ്പിച്ച എൻ.ഡി.എ റാലിയിലാണ് ഇരുമുന്നണികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. യു.ഡി.എഫ് ഭരണകാലത്ത് സോളാർ അഴിമതിയായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ളയിൽ ഇരുകൂട്ടരും പങ്കാളികളാണ്. വർഗീയശക്തികളെയും തീവ്രവാദികളെയും കൂട്ടുപിടിച്ച് കേരളം പിടിച്ചടക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണം.
മുസ്ലിംലീഗും മാവോവാദികളും കോൺഗ്രസും ഉൾപ്പെടുന്ന എം.എം.സി സംഖ്യമാണ് ഇപ്പോഴുള്ളത്. തീവ്രവാദി പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയും കൂട്ടിനുണ്ട്. യുവാക്കളിൽ തീവ്രവാദം വളർത്തുന്ന പി.ഡി.പി പോലുള്ള പ്രസ്ഥാനങ്ങളുമായി എൽ.ഡി.എഫിന് നേരത്തേ ബന്ധമുണ്ട്.
പേരിൽമാത്രം വ്യത്യാസമുള്ള ഈ മുന്നണികൾ അഴിമതിയിലും കുറ്റകൃത്യങ്ങളിലും വർഗീയതയിലും വികസനം അട്ടിമറിക്കുന്നതിലും പങ്കാളികളാണ്. എൻ.ഡി.എയ്ക്ക് അവസരം നൽകിയാൽ ഒരു ഡബിൾ എൻജിൻ സർക്കാർ വികസനത്തിനായി രാപ്പകൽ പ്രവർത്തിക്കും. തൃശൂരിലും തിരുവനന്തപുരത്തും തദ്ദേശ തിരഞ്ഞെടുപ്പിലും ജനങ്ങൾ എൻ.ഡി.എയിൽ അർപ്പിച്ച വിശ്വാസം കേരളമാകെ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. എൻ.ഡി.എ സമ്മേളനങ്ങളിൽ വർദ്ധിച്ചുവരുന്ന ജനക്കൂട്ടം മാറ്റത്തിന്റെ സൂചനയാണ്.

വിനോദ,സാംസ്‌കാരിക പരിപാടികളുടെയും വൈജ്ഞാനിക മികവുകളുടെയും ആസ്ഥാനമായി കേരളം മാറണം. ഇതിന് അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണം. ഇത് യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തെ എ.ഐ ഹബ്ബാക്കും
കേരളത്തെ എ.ഐ അടക്കമുള്ള സാങ്കേതികവിദ്യകളുടെ ആസ്ഥാനമാക്കുമെന്നും കൂടുതൽ നിക്ഷേപകർക്കു കടന്നുവരാൻ അവസരമൊരുക്കുമെന്നും മോദി പറഞ്ഞു. അഴിമതി, ചുവപ്പുനാട, ഹർത്താൽ മാഫിയ, ഭൂമാഫിയ എന്നിവയെ തുടച്ചുനീക്കും. വികസിതകേരളം യാഥാർത്ഥ്യമാകാൻ യുവാക്കൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകണം. കോൺഗ്രസിലെ 'യുവരാജാവിന് 'രാജ്യത്തെ യുവാക്കളിൽ വിശ്വാസമില്ല. ഡ്രോൺ നിർമ്മാണത്തിലടക്കം നമ്മൾ എത്രമാത്രം മുന്നിലാണെന്ന് ഇനിയെങ്കിലും അദ്ദേഹം മനസിലാക്കണം. കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ മാതൃകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360