SignIn
Kerala Kaumudi Online
Monday, 25 May 2026 2.53 AM IST

ബീഹാറിൽ പിടിമുറുക്കാൻ ബി.ജെ.പി: മുഖ്യമന്ത്രിക്കസേര വിട്ട് നിതീഷ് രാജ്യസഭയിലേക്ക്

nitish

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് വൻ വിജയം സമ്മാനിച്ചതിന്റെ ക്രഡിറ്റിൽ മുഖ്യമന്ത്രി പദത്തിൽ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു. നിതീഷിന് ബീഹാറിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകിയേക്കും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി. അതേസമയം,നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നൽകും.

ആരോഗ്യ പ്രശ്‌നങ്ങളുള്ള നിതീഷിനെ മാറ്റാനിടയുണ്ടെന്ന സൂചന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ വന്നിരുന്നു. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് എൻ.ഡി.എ മത്സരിച്ചതും. ഇത് വിവാദമായെങ്കിലും വൻ ഭൂരിപക്ഷത്തോടെ എൻ.ഡി.എയ്‌ക്ക് അധികാര തുടർച്ച ലഭിച്ചു. സ്‌ത്രീ വോട്ടർമാരുടെ പിന്തുണയും നിതീഷിന്റെ ഭരണപരിഷ്‌കാരങ്ങളും ഭരണവിരുദ്ധ തരംഗം മറികടക്കാൻ സഹായകമായി. ഇതോടെ അദ്ദേഹത്തെ പെട്ടെന്ന് മാറ്റുക സാദ്ധ്യമല്ലാതായി. തുടർന്ന് 75കാരനായ നിതീഷ് പത്താം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മൂന്നുമാസങ്ങൾക്കിപ്പുറം അദ്ദേഹം പടിയിറങ്ങുന്നത് മുൻധാരണ പ്രകാരമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പാട്‌നയിൽ ജെ.ഡി.യു നേതൃത്വ ചർച്ചകൾ സജീവമായിരുന്നു. നിതീഷിന്റെ പിൻഗാമിയായ ബി.ജെ.പി മുഖ്യമന്ത്രിയെ ഉടനറിയാം. മുഖ്യമന്ത്രി വിട്ടു നൽകുന്നതിന് പകരമായാണ് നിതീഷിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം. നിതീഷിനൊപ്പമുള്ള നിഷാന്തിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ രാജ്യസഭയിലൂടെ സജീവ രാഷ്‌ട്രീയത്തിലേക്കെന്ന വാർത്ത പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പി ഏറ്റെടുത്താൽ നിലവിലെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,വിജയ് സിൻഹ,കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NITISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360