വിജയ് സർക്കാർ അഞ്ചുവർഷം തികയ്ക്കില്ല; മുന്നറിയിപ്പുമായി സ്റ്റാലിൻ
ചെന്നൈ: തമിഴക വെട്രി കഴകത്തിന് തമിഴ്നാട്ടിൽ അധികകാലം ഭരണം ഉറപ്പിക്കാൻ കഴിയില്ലന്നെ് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എംകെ സ്റ്റാലൻ. നിലവിലെ ടിവികെ സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും സ്റ്റാലിൻ പറയുന്നു. ജനപ്രീതി കൊണ്ട് രൂപപ്പെട്ട ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നുമാണ് മുൻ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഇന്നലെ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശങ്ങൾ. തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാൾ 'സിനിമാ സുനാമി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ ബോദ്ധ്യങ്ങളെക്കാൾ തങ്ങളുടെ പ്രിയപ്പെട്ട സിനിമാ നടൻ ഒരുപാർട്ടി രൂപീകരിച്ച ആവേശത്തിലാണ് വോട്ടർമാർ വിജയ്‌യെ പിന്തുണച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.
കുട്ടികൾക്ക് പുതിയ കളിപ്പാട്ടങ്ങളോടുള്ള കമ്പം കുറച്ചുദിവസം കഴിയുമ്പോൾ മാറുന്നത് പോലെ, ജനങ്ങൾക്ക് ഈ പാർട്ടിയോടുള്ള ആവേശവും വൈകാതെ തണുക്കും. ഒടുവിൽ, ഒരു കുട്ടി അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തുന്നത് പോലെ തമിഴ്നാട്ടിലെ വോട്ടർമാർ വീണ്ടും ഡിഎംകെയെ തേടിവരുമെന്ന് സ്റ്റാലിൻ പരിഹസിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ സ്വന്തം നിലയ്ക്ക് നേടാൻ ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓർമ്മിപ്പിച്ചാണ് സർക്കാരിന്റെ ഭാവി അസ്ഥിരമാണെന്ന് സ്റ്റാലിൻ വാദിക്കുന്നത്.
സിപിഐ, സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളും വിസികെ, മുസ്ലിം ലീഗ് (ഐയുഎംഎൽ) തുടങ്ങിയ കക്ഷികളും ആദ്യ ഘട്ടത്തിൽ വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരുന്നതെന്നും, എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നുവെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു. എഐഎഡിഎംകെയെ പിളർത്താൻ പലവിധ നീക്കങ്ങൾ നടന്നുവെങ്കിലും അതൊന്നും വിജയം കണ്ടില്ലെന്നും, നിലവിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം തികച്ചും അസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.