സിബിഎസ്ഇ: പ്ലസ് ടു ഫലം റദ്ദാക്കി പഴയരീതിയിൽ വീണ്ടും മൂല്യനിർണയം നടത്തണം, ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

Sunday 24 May 2026 10:41 AM IST

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാഫലം പൂർണമായി റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തി വീണ്ടും ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. ഓൺസ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതിക്കെതിരെ വ്യാപക ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഇത്തരമൊരാവശ്യം ഉയർന്നുവന്നത്.

പരീക്ഷ എളുപ്പമാവുകയും ഉയർന്ന മാർക്ക് പ്രതീക്ഷിക്കുകയും ചെയ്ത പലർക്കും മാർക്ക് തീരെക്കുറവാണ്. പുനർ മൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോൾ ഇതിൽ പലതും വായിക്കാനാവാത്ത നിലയിലായിരുന്നു. ഇത്തരത്തിലുള്ള ഉത്തരക്കടലാസുകൾ എങ്ങനെ അദ്ധ്യാപകർ മൂല്യനിർണയം നടത്തിയെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്. ശരിയായ ഉത്തരത്തിന് പൂജ്യം മാർക്ക് നൽകിയ ഉത്തരക്കടലാസിന്റെ ദൃശ്യങ്ങളും ചിലർ പങ്കുവച്ചിട്ടുണ്ട്.

സ്വകാര്യ ഏജൻസികളെ ഉത്തരക്കടലാസുകൾ സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യാൻ ഏൽപ്പിച്ചതാണ് പ്രധാന പ്രശ്നമായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയ്യാറായിട്ടുമില്ല. അദ്ധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകാതെ മൂല്യനിർണയത്തിനയച്ചതും പോരായ്മമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുനർമൂല്യനിർണയ സംവിധാനവും താറുമാറായ അവസ്ഥയിലാണ്. പകർപ്പാവശ്യപ്പെട്ട പല വിദ്യാർത്ഥികൾക്കും പകർപ്പ് ലഭിച്ചിട്ടില്ലെന്ന പരാതിയുണ്ട്. സ്കൂളുകൾക്ക് സിബിഎസ്ഇയിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ലഭിച്ചവർക്ക് ഡൗൺലോഡ് ചെയ്ത പിഡിഎഫിലും പിഴവുണ്ടെന്നുംന ആരോപണമുണ്ട്. അതേസമയം, ഔദ്യോഗിക വെബ്സൈറ്റിലെ തകരാറിനെക്കുറിച്ചും വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ഒഎസ്എം രീതിയിലെ പ്രശ്നങ്ങളെക്കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല.