SignIn
Kerala Kaumudi Online
Monday, 25 May 2026 12.45 AM IST

പാളയത്തെ കച്ചവടക്കാരുടെ പരാതിപ്രളയം വെള്ളത്തിനും വൈദ്യുതിക്കും കാശ്, ഗുണ്ടാപ്പിരിവിന് തടയിട്ട് മേയർ

mayor

തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ പാളയം കണ്ണിമേറ മാർക്കറ്റിൽ പതിറ്റാണ്ടുകളായി തുടരുന്ന ഗുണ്ടാപ്പിരിവിനും കച്ചവടക്കാരെ കൊള്ളയടിക്കുന്ന നടപടികൾക്കും തടയിട്ട് മേയർ വി.വി.രാജേഷ്.നിയമാനുസൃതമല്ലാതെ ആര് ചോദിച്ചാലും കാശ് നൽകരുതെന്ന് മേയർ കച്ചവടക്കാരോട് പറഞ്ഞു.

നിർമ്മാണം നടക്കുന്ന പാളയം മാർക്കറ്റിന്റെ സ്ഥിതി വിലയിരുത്താനും,കച്ചവടക്കാരുടെ പരാതികൾക്ക് പരിഹാരം കാണാനുമാണ് മേയറും സംഘവും ഇന്നലെ മാർക്കറ്റിലെത്തിയത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ല് കോർപ്പറേഷനാണ് അടയ്ക്കുന്നത്.എന്നാൽ എല്ലാ മാസവും മീൻവില്പന നടത്തുന്ന സ്ത്രീകളിൽ നിന്നുൾപ്പെടെ 500 രൂപ മുതൽ പിരിക്കുന്നവരുണ്ട്. തോന്നുമ്പോഴുള്ള ഗുണ്ടാപ്പിരിവിന് പുറമെയാണ് ഇത്തരത്തിലുള്ള മാസപ്പടി.

വർഷങ്ങൾക്ക് മുൻപ് ചില കടകൾ ലേലത്തിലെടുത്തവർ കടയുടെ കരാർ പോലും പുതുക്കാതെ മാർക്കറ്റ് അടക്കി ഭരിക്കുകയാണെന്ന് കച്ചവടക്കാർ നേരത്തെ മേയർക്ക് പരാതി നൽകിയിരുന്നു.ഇത്തരത്തിലുള്ള പിരിവിനെതിരെ കോർപ്പറേഷൻ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

കോർപ്പറേഷന്റെ അനുമതിയില്ലാതെ പലരും സ്വാധീനം ഉപയോഗിച്ച് കടകൾ കൈയടക്കിയിരിക്കുകയാണെന്ന് മേയർക്കും കൂട്ടർക്കും മനസിലായി.ഇതോടൊപ്പം പൊതുവഴികൾ പോലും ഇഷ്ടാനുസരണം കെട്ടിയടച്ച് പുതിയ അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതായും വ്യക്തമായി.സ്മാർട്ട് സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച താത്കാലിക കടമുറികൾ ഇപ്പോൾ കച്ചവടക്കാർക്ക് വലിയ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.

ബേക്കറി ജംഗ്ഷന് സമീപം 18 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറയുന്നു.സ്ഥലപരിമിതി,കൃത്യമായ ആസൂത്രണമില്ലാത്തതിനാലും പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകളെത്താത്ത അവസ്ഥയാണ്. കോടികൾ മുടക്കി കടമുറികൾ വാടകയ്‌ക്കെടുത്ത വ്യാപാരികൾ ഒടുവിൽ ഉപജീവനത്തിനായി വഴിവക്കിലിരുന്ന് കച്ചവടം ചെയ്യേണ്ട ഗതികേടിലാണ്. ഈ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണുമെന്ന് മേയർ ഉറപ്പുനൽകി.ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്,സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ,കോർപ്പറേഷൻ സെക്രട്ടറി,സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ,വാർഡ് കൗൺസിലർമാർ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.

മീൻ എടുക്കും ബൾബ് ഊരും

മാസപ്പടിയും ഗുണ്ടാപ്പിരിവും നൽകിയില്ലെങ്കിൽ മാർക്കറ്റിന്റെ വഴിവക്കിൽ പോലും കച്ചവടം നടത്താൻ ഇക്കൂട്ടർ സമ്മതിക്കില്ല.അടുത്തിടെ പിരിവ് നൽകാത്തതിനാൽ വില്പനയ്ക്കായി വച്ചിരുന്ന നെയ്മീൻ എടുത്തുകൊണ്ട് പോയി.മറ്റൊരു കച്ചവടക്കാരൻ ഇരിക്കുന്നതിന് സമീപത്തെ പോസ്റ്റിന്റെ ബൾബും ഊരിയെടുത്തു.

ഗുണ്ടാപ്പിരിവ് ഒരു കാരണവശാലും നഗരത്തിൽ അനുവദിക്കില്ല.കച്ചവടക്കാരുടെയും,സാധനങ്ങൾ വാങ്ങാനെത്തുന്ന പൊതുജനങ്ങളുടെയും ദുരിതങ്ങളും മാർക്കറ്റിലെ ഗുരുതരമായ മറ്റ്പ്രശ്നങ്ങളും നേരിട്ട് ബോദ്ധ്യപ്പെടാനാണ് കോർപ്പറേഷൻ സംഘമെത്തിയത്.

വി.വി.രാജേഷ്,മേയർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL