SignIn
Kerala Kaumudi Online
Monday, 25 May 2026 3.49 AM IST

വ​ലി​യ​ന​ഷ്ടം​ ​സ​ഹി​ച്ച് ​ ക​ർ​ഷ​കർ, നെ​ല്ലി​ന് '​കി​ഴി​വ് ​'​ ​കൂ​ട്ടി​ ​മി​ല്ലു​കാ​രുടെ ചൂഷണം

punnon

പത്തനംതിട്ട : നെല്ല് സംഭരണത്തിന് മില്ലുകാർ 'കിഴിവ് ' കൂട്ടി വാങ്ങുന്നത് കർഷകർക്ക്

വലിയ നഷ്ടത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ വർഷം വരെ 100 കിലാേ നെല്ല് സംഭരിച്ചാൽ രണ്ട് കിലോ അധികമായി കിഴിവ് നേടിയിരുന്ന മില്ലുകാർ, ഇത്തവണ നാല് കിലോയായി വർദ്ധിപ്പിച്ചു. കിഴിവ് കൂട്ടി തന്നില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്നാണ് മില്ലുകാരുടെ നിലപാ‌ട്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്ന സന്ദർഭത്തിലാണ് മില്ലുകാരുടെ വിലപേശൽ. സമയബന്ധിതമായി നെല്ല് വിറ്റുപോയില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന ഭീതിയും കർഷകർക്കുണ്ട്.

നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ കർഷകർ ഇത്തവണ നെല്ല് വിറ്റപ്പോൾ മില്ലുകാർ കിഴിവ് കൂട്ടി ചോദിച്ചു. കർഷകർ എതിർത്തപ്പോൾ മില്ലുകാർ നെല്ല് എടുക്കാൻ തയ്യാറായില്ല. വിവരം പാഡി ഓഫീസറെ അറിയിച്ചെങ്കിലും അരക്കിലോ മാത്രമാണ് കിഴിവിൽ കുറച്ചത്. 100 കിലോ നെല്ലിന് മൂന്നര കിലോ കിഴിവ് നൽകേണ്ടി വന്നു. വൻ നഷ്ടമാണുണ്ടായതെന്ന് കർഷകർ പറയുന്നു.

ഒരു പാടത്തു നിന്ന് ഒരു മില്ലുകാരാണ് നെല്ല് ശേഖരിക്കുന്നത്. അതുകൊണ്ട് അവർ പറയുന്ന കിഴിവിന് നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകുകയാണ്.

നെല്ല് സംഭരണം പ്രതിസന്ധിയിലാകും

'കിഴിവ് ' കൂട്ടി വാങ്ങാനുള്ള നീക്കം മില്ലുകാരും പാ‌ടശേഖരസമിതികളും തമ്മിലുള്ള തർക്കത്തിന് വഴിയൊരുക്കുന്നുണ്ട്. ഇത് നെല്ല് സംഭരണം പ്രതിസന്ധിയിലാക്കും. നഷ്ടത്തിൽ കർഷകർ നെല്ല് വിൽക്കാൻ നിർബന്ധിതരായാൽ വരുംനാളുകളിലെ കൃഷിയേയും ബാധിക്കും. ഉണക്ക് കുറവ്, ജലാംശം എന്നിങ്ങനെയുള്ള കാരണം നിരത്തിയാണ് മില്ലുകാർ കിഴിവ് കൂട്ടുന്നത്.

പാഡി ഓഫീസർമാർ ഇടപെ‌ടണം

ഇടപാടുകൾ സുതാര്യമാക്കാനും കർഷകർക്ക് സഹായമൊരുക്കാനും പാഡി ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർ മുന്നിട്ടിറങ്ങാത്തതാണ് പ്രാദേശികമായ പ്രതിസന്ധികൾക്ക് കാരണമാകുന്നത്.

മില്ലുടമകളും കർഷകരുമായി തർക്കമുണ്ടാകുമ്പോൾ പരിഹരിക്കേണ്ട പാഡി ഓഫീസർമാർ മുന്നിട്ടിറങ്ങാറില്ല. പുന്നോൺ പാടത്ത് കിഴിവ് കൂട്ടി ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കർഷകർ സമീപിച്ചെങ്കിലും പാഡി ഓഫീസർ കൈമലർത്തി.

100 കിലോ നെല്ലിന് കിഴിവ് 4 കിലോ

1 കിലോ നെല്ലിന്റെ വില 30 രൂപ

പുന്നോൺ പാടം

ആകെ 26 ഏക്കർ

കർഷകർ 15

ഇത്തവണ കിട്ടിയ നെല്ല് 18 ടൺ

ജില്ലയിലെ പ്രധാന നെല്ലുൽപ്പാദന കേന്ദ്രങ്ങൾ: ​​​അപ്പർ കുട്ടനാട്, വള്ളിക്കോട്, കൊടുമൺ, നാരങ്ങാനം മേഖലകൾ

മില്ലുകാരുടെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. ഉണക്ക് കുറവെന്ന് പറഞ്ഞാണ് കിഴിവ് കൂട്ടി വാങ്ങുന്നത്. ഇത്തവണ മഴ കുറവായതിനാൽ നെല്ലിന് നല്ല ഉണക്ക് ലഭിച്ചിരുന്നു.

രാജേഷ് പുന്നോൺ,

പാടശേഖര സമിതി ജോയിന്റ് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL