SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

പാലക്കാട് ടൗൺ സ്റ്റേഷനിൽ പിറ്റ് ലൈൻ നിർമ്മാണം അവസാനഘട്ടത്തിൽ

town
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ(ഫയൽ)

പാലക്കാട്: റെയിൽവേ പാലക്കാട്‌ ഡിവിഷനും പാലക്കാട്‌ നഗരത്തിനും വികസനക്കുതിപ്പേകുന്ന റെയിൽവേ പിറ്റ് ലൈൻ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ അടുത്ത മാസം കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനോട് ചേർന്ന് എട്ട് ഏക്കറിലാണ് അത്യാധുനിക പിറ്റ് ലൈനിന്റെ നിർമ്മാണം നടക്കുന്നത്. ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിനുള്ള പിറ്റ് ലൈൻ, ട്രെയിൻ നിറുത്തിയിടാനുള്ള സ്റ്റേബ്ലിംഗ് ലൈൻ, കോച്ച് അറ്റകുറ്റപ്പണിക്കുള്ള സിക്ക് ലൈൻ, കോച്ചുകൾ ക്രെയിൻ ഉപയോഗിച്ച് പൊക്കി സ്ഥാപിക്കാനുള്ള ഷണ്ടിംഗ് ലൈൻ, സിഗ്നൽ, സബ് സ്റ്റേഷൻ എന്നിവയുടെ പ്രവൃത്തികൾ 80 ശതമാനം പൂർത്തിയായി. കമ്മീഷൻ ചെയ്ത് കഴിഞ്ഞ് രണ്ട് വർഷത്തിനകം അഞ്ച് ട്രെയിനുകൾ പാലക്കാട് ടൗണിൽനിന്ന് ആരംഭിക്കാനാണ് ശ്രമം. സിക്ക് ലൈനും സ്റ്റേബ്ലിംഗ് ലൈനും താമസിയാതെ പൂർത്തിയാകും. സ്റ്റേബ്ലിംഗ് ലൈനിൽ നിന്നാണ് ട്രെയിനുകൾ പ്ലാറ്റ്‌ഫോമിലെത്തുക. 62 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും കരാറുകാരന്റെ വീഴ്ചകാരണം നിർമ്മാണം നീണ്ടുപോവുകയായിരുന്നു. റെയിൽവേ കോച്ചുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടത്താനുള്ള വ‌ർക്ക്‌ഷോപ്പാണ് പിറ്റ്‌ലൈൻ. ട്രെയിൻ പിറ്റ്‌ലൈനിലേക്ക് കയറ്റി നിറുത്തി കേടുപാടുകൾ തീ‌ർക്കുകയാണ് പതിവ്. പിറ്റ്‌ലൈൻ ഉണ്ടെങ്കിലേ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാനാകു. നിലവിൽ മംഗളൂരു, ഷൊർണൂർ എന്നിവടങ്ങളിലാണ് പാലക്കാട് ഡിവിഷൻ പരിധിയിൽ പിറ്റ് ലൈൻ സംവിധാനമുള്ളത്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ് ലൈനിൽ 10 എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്. ഷൊർണൂർ ജംഗ്ഷനിലെ 12 കോച്ചുകളുടെ പിറ്റ് ലൈനാണുള്ളത്. സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാൻ കഴിയില്ലെന്നാണ് റെയിൽവേ പറയുന്നത്. ഡിവിഷൻ പരിധിയിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ പണികൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ പൂർത്തിയായാൽ മൂന്ന് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. കോയമ്പത്തൂരിൽനിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്ക് നീട്ടാനും കഴിയും. റെയിൽ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ് ലൈൻ ഇല്ലാതിരുന്നത് ദീർഘദൂര ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതുകാരണം പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചിരുന്നത് മംഗളൂരുവിൽ നിന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL