SignIn
Kerala Kaumudi Online
Monday, 25 May 2026 1.47 AM IST

പട്ടാമ്പിയിൽ തുടരാൻ മുഹ്സിൻ, വീഴ്ത്താൻ യു.ഡി.എഫിൽ ആര്?

pattambi
പട്ടാമ്പി മണ്ഡലം

പാലക്കാട്: മുൻമുഖ്യമന്ത്രി ഇ.എം.എസ് മൂന്ന് തവണ ജയിച്ചുകയറിയ പട്ടാമ്പി ഒരുകാലത്ത് ഇടതിന്റെ ഉറച്ചകോട്ടയായിരുന്നു. പിന്നീട് കോൺഗ്രസും ശക്തി തെളിയിച്ച മണ്ഡലം. 2001 മുതൽ തുടർച്ചയായി കോൺഗ്രസിനൊപ്പം നിന്ന പട്ടാമ്പി കഴിഞ്ഞ രണ്ടുതവണയായി ഇടതുപക്ഷത്തെയാണ് തുണച്ചത്. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് മുഹമ്മദ് മുഹ്സിനെ കളത്തിലിറക്കിയാണ് 2016ലും 21ലും മണ്ഡലം സി.പി.ഐ നേടിയത്. പട്ടാമ്പി സീറ്റ് എൽ.ഡി.എഫിൽ സി.പി.ഐയ്ക്കാണ്. നിലവിലെ എം.എൽ.എ മുഹമ്മദ് മുഹസിൻ രണ്ടു ടേം പൂർത്തിയാക്കിയെങ്കിലും ഇത്തവണയും മുഹ്സിൻ തന്നെയാണ് മത്സരിക്കുകയെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിച്ച റിയാസ് മുക്കോളിയുടേയും നഗരസഭാ ചെയർമാൻ ടി.പി.ഷാജിയുടേയുമൊക്കെ പേരുകളാണ് യു.ഡി.എഫിൽ ഉയർന്നുകേൾക്കുന്നത്. യു.ഡി.എഫിൽ സീറ്റ് വച്ചുമാറാൻ ധാരണയായാൽ മുസ്ലീം ലീഗിലെ യുവ നേതാവ് രംഗത്തെത്തിയേക്കാം.

തദ്ദേശത്തിലെ കരുത്തിൽ യു.ഡി.എഫ്

പട്ടാമ്പി നഗരസഭയും ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകളുമാണ് പട്ടാമ്പി മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം കോട്ടകളായ വിളയൂരും മുതുതലയും തകർത്ത് യു.ഡി.എഫ് മുന്നേറിയത് അവർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഓങ്ങല്ലൂർ മാത്രമാണ് എൽ.ഡി.എഫിന് സ്വന്തമാക്കാനായത്. ബലാബലത്തിലായ കൊപ്പത്ത് നറുക്കെടുപ്പിലൂടെ സി.പി.എം അധികാരത്തിലെത്തി. ടി.പി.ഷാജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയിൽ ഭരിച്ചിരുന്ന നഗരസഭയും വലിയ ഭൂരിപക്ഷത്തോടെ വലത്തോട്ട് ചാഞ്ഞു. ബി.ജെ.പി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാർട്ടികൾക്കും മണ്ഡലത്തിൽ വേരോട്ടമുണ്ട്. ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാകും. സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മണ്ഡലം നിലനിർത്താൻ ഇടതുപക്ഷവും കൈവിട്ട പട്ടാമ്പിയെ തിരിച്ചുപിടിക്കാൻ കോൺഗ്രസും ഇറങ്ങുമ്പോൾ പോരാട്ടം കനക്കും.

 മണ്ഡലം വെച്ചുമാറുമോ?

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പട്ടാമ്പി മണ്ഡലത്തിനായി കഠിന പ്രയത്നം നടത്തിയെങ്കിലും അവസാനം കോൺഗ്രസ് തന്നെ മത്സരിക്കുകയായിരുന്നു. ലീഗിലെ എം.എ.സമദിന് വേണ്ടിയായിരുന്നു നീക്കം. ഇത്തവണ ലീഗ് മത്സരിക്കുമെന്നും ഒരു കാരണവശാലും കോൺഗ്രസ് വിട്ടുകൊടുക്കില്ലെന്നുമുള്ള പ്രചാരണം പ്രബലമാണ്. ജില്ലയിൽ വിജയസാദ്ധ്യതയുള്ള സീറ്റായാണ് പട്ടാമ്പിയെ മുസ്ലിം ലീഗ് പരിഗണിക്കുന്നത്. അതേസമയം, യൂത്ത് കോൺഗ്രസ് നേതാവും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുഹമ്മദ് മുഹ്സിന്റെ പ്രതിയോഗിയുമായ റിയാസ് മുക്കോളി പരാജയപ്പെട്ടിട്ടും സന്നദ്ധ സേവനപ്രവർത്തനങ്ങളുമായി പട്ടാമ്പിയിൽ തന്നെയുണ്ട്. ഇടതുപക്ഷത്ത് മുഹമ്മദ് മുഹ്സിൻ ഒരു തവണകൂടി മത്സരിക്കാനാണ് സാദ്ധ്യത. വികസന പ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായി ജനങ്ങളിലേക്കിറങ്ങാനുള്ള കരുത്ത് പത്തു വർഷം കൊണ്ട് മുഹമ്മദ് മുഹ്സിൻ ആർജിച്ചിട്ടുണ്ട്. വിസ്മയം ഇടതോ വലതോ എന്ന് നാളുകൾക്കകം വ്യക്തമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL