SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

മലയോരത്ത് വേനൽ കടുത്തു; മഴ കനിഞ്ഞില്ലെങ്കിൽ കത്തും

rubber

കൊടുംചൂട് കാർഷികോത്പാദനത്തെ സാരമായി ബാധിച്ചുതുടങ്ങി

കണ്ണൂർ: മാർച്ചിന്റെ തുടക്കം തന്നെ കൊടുംചൂട് അനുഭവപ്പെട്ട് മലയോരമേഖലയിൽ കാർഷികോത്പാദനം വൻതോതിൽ ഇടിയുന്നു. ജലലഭ്യത കുറയുകയും ജലസേചനം നിലയ്ക്കുകയും ചെയ്തതാണ് തിരിച്ചടിയായത്.

തെങ്ങ്, കമുക്, കുരുമുളക്, ജാതി,തുടങ്ങിയ നാണ്യവിളകൾക്കെല്ലാം ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

വാഴ, പച്ചക്കറി തോട്ടങ്ങളെല്ലാം കരിഞ്ഞുണങ്ങി തുടങ്ങി. വേനൽ കടുത്തതോടെ റബറിനെ ആശ്രയിക്കുന്ന കർഷകരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പാൽ കുറഞ്ഞതിനാൽ റബർ ടാപ്പിംഗ് നിർത്തിക്കഴിഞ്ഞു. തൊഴിലാളികളെ വച്ച് ടാപ്പിംഗ് നടത്തുന്നവർക്ക് ഒരു തരത്തിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ചൂട് കടുത്തതോടെ മിക്ക തോടുകളും കിണറുകളും വറ്റിവരണ്ടുതുടങ്ങി. മലയോരത്തെ പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

കടുത്ത വേനലിൽ പൂക്കൾ കരിഞ്ഞുണങ്ങുന്നത് കശുവണ്ടി ഉത്പാദനത്തിനും ഭീഷണിയാണ്. 35 ഡിഗ്രിയിൽ ചൂട് അധികമായാൽ കശുവണ്ടി കൃഷിക്ക് ദോഷകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൂലം കശുവണ്ടിയുടെ വലുപ്പം കുറയുകയും ചെയ്യും. പകൽ അമിതമായ ചൂടും രാത്രി തണുപ്പും ഉണ്ടാകുമ്പോൾ തേയിലകൊതുകിന്റെ ആക്രമണവും ശക്തമാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് കശുവണ്ടിക്ക് മികച്ച വില ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഇതേസമയത്ത് കിലോയ്ക്ക് 140 രൂപ ഉണ്ടായിടത്ത് ഈ വർഷം 160 രൂപയാണ് വില.

കണ്ണീ‌ർച്ചാലുകളായി പുഴകൾ

മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ ശ്രീകണ്ഠപുരം, ആലക്കോട്, കരുവഞ്ചാൽ പുഴകളിലെല്ലാം ജലം കുറഞ്ഞ നിലയിലാലുള്ളത്. ഈ പുഴകളെ ആശ്രയിച്ചാണ് മലയോര മേഖലയിലെ ജലലഭ്യത നിലനിൽക്കുന്നത് തന്നെ. പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു.


വേനൽ മഴ ലഭിക്കാത്തത് പ്രതിസന്ധി

വേനൽമഴ ഇത്തവണ നേരത്തെ എത്താത്തത് കർഷകർക്ക് വെല്ലുവിളിയാണ്. മാർച്ച് അവസാന വാരത്തോടെ വേനൽ മഴ കുറഞ്ഞ തോതിലെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.വേനൽ മഴ കുറഞ്ഞ തോതിലെങ്കിലും ലഭിച്ചാൽ കൃഷികൾക്ക് ഒരു പരിധി വരെ ചൂടിനെ പ്രതിരോധിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL