SignIn
Kerala Kaumudi Online
Monday, 25 May 2026 12.45 AM IST

കല്ലാർകുട്ടിക്ക് വീർപ്പുമുട്ടുന്നു, ടൗണിൽ ഗതാഗത കുരുക്കും അപകടവും പതിവാകുന്നു

town

അടിമാലി: അടിമാലി- കുമളി ദേശീയപാതയിലെ ടൗണുകളിൽ ഒന്നായ കല്ലാർകുട്ടി സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്നു. കൊടും വളവും ഇറക്കവുമുള്ള ഇടുങ്ങിയ ടൗണായതിനാൽ എപ്പോഴും വാഹനങ്ങളുടെയും ആളുകളുടെയും തിരക്കാണ്. ഇതു കൊണ്ടു തന്നെ പലപ്പോഴും അപകടം പതിവാണ്. ഒപ്പം ഗതാഗതകുരുക്ക് കൂടിയാകുന്നതോടെ ടൗണിലൂടെ വാഹനമോടിക്കുക വലിയ പ്രയാസമാണ്. രാവിലെയും വൈകിട്ടും ടൗണിൽ വലിയ തിരക്കാണ് നുഭവപ്പെടുന്നത്. അടിമാലിയിൽ നിന്നും ചെറുതോണിയിൽ നിന്നും വെള്ളത്തൂവലിൽ നിന്നുമെത്തുന്ന റോഡുകളുടെ സംഗമ കേന്ദ്രം കൂടിയാണിവിടം. ഇറക്കത്തോട് കൂടിയുള്ള ചെറിയ ടൗണായതിനാൽ ബസുകളടക്കം നിറുത്തി യാത്രക്കാരെ ഇറക്കുമ്പോൾ മറ്റു വശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകാനാകാതെ കുടുങ്ങും. ഇത് റോഡിൽ വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ അധികൃത‌ർ റോഡിന്റെ വീതി കൂട്ടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ടൗണിന് സമീപം ദേശീയപാതയോരത്ത് അവശേഷിക്കുന്ന മൺകൂന നീക്കാൻ ദേശീയപാത വിഭാഗത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഏതാനും നാളുകൾക്ക് മുമ്പ് ടൗണിന് സമീപം ദേശീയപാതയോരത്ത് നിന്ന് മണ്ണ് നീക്കുകയും വീതി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേർന്ന് തന്നെയുള്ള ചെറിയൊരു മൺകൂന കൂടി നീക്കിയാൽ കല്ലാർകുട്ടി ടൗണിലൂടെയുള്ള ഗതാഗതം സുഗമമാകുമെന്നാണ് വാദം.

ആ കണ്ണാടി പുനഃസ്ഥാപിക്കണം

ടൗണിൽ ഉണ്ടായിരുന്ന കെർവ്ഡ് കോൺവെക്സ് മിറർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഏതാനും നാളുകൾക്ക് മുമ്പ് ലോറി വ്യാപാരസ്ഥാപനങ്ങളിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിലായിരുന്നു ടൗണിൽ സ്ഥാപിച്ചിരുന്ന കണ്ണാടി തകർന്നത്. ഇതോടെ അപകട സാദ്ധ്യത കൂടി. അടിമാലിയിൽ നിന്നും വെള്ളത്തൂവലിൽ നിന്നും വരുന്നവർക്ക് ടൗണിലെ വളവ് തിരഞ്ഞെത്തുന്ന വാഹനങ്ങൾ കാണാനായി ദേശീയപാതയോരത്തായിരുന്നു മിറർ സ്ഥാപിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL