ഉപ്പുതറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ.പി സൗകര്യം ഉറപ്പാക്കും

Sunday 24 May 2026 12:00 AM IST

ഇടുക്കി: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇൻ പേഷ്യന്റ് സംവിധാനം ഉറപ്പാക്കുമെന്ന് ആശുപത്രി സന്ദർശിച്ച ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഐ.പി വിഭാഗം തുടങ്ങമ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് അനിവാര്യമാണ്. എക്‌സ്റേ യൂണിറ്റ് സി.എച്ച്.ആർ ഫണ്ട് വഴി സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവമില്ല. പുരുഷന്മാരുടെ വാർഡ് പഴയ കെട്ടിടത്തിലാണെങ്കിലും പ്രവർത്തനക്ഷമമാണ്. സ്ത്രീകളുടെ വാർഡ് പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ ആമ്പുലൻസും ജീപ്പും ലഭ്യമാണ്. 300 മുതൽ 400 വരെയുള്ള രോഗികൾ പ്രതിദിനം ആശുപത്രിയിൽ വരുന്നുണ്ട്. 80 മുതൽ 120 രോഗികൾ വരെ ഒ.പിയിൽ പ്രതിദിനം ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.