SignIn
Kerala Kaumudi Online
Monday, 25 May 2026 12.45 AM IST

ആശുപത്രി ജീവനക്കാരെ സ്ഥലംമാറ്റുമ്പോൾ പകരമാളുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ഇടുക്കി: ജില്ലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ പകരം ജീവനക്കാർ ചുമതലയേറ്റതായി ഉറപ്പു വരുത്തിയശേഷം മാത്രം ജോലിയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യം സ്ഥലംമാറ്റ ഉത്തരവിൽ തന്നെ രേഖപ്പെടുത്തണമെന്നും കമ്മിഷൻ നിയമനാധികാരിക്ക് നിർദ്ദേശം നൽകി. ഇങ്ങനെയല്ലാതെ സ്ഥലംമാറി പോകേണ്ടതുണ്ടെങ്കിൽ പ്രസ്തുത ജീവനക്കാർ അതിന്റെ കാരണം നിയമനാധികാരിയെ ബോദ്ധ്യപ്പെടുത്തണം. ജില്ലയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ ഇക്കാര്യം ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും കൃത്യമായി പാലിക്കണം. ജില്ലയിൽ താമസിക്കുന്നവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ജില്ലയ്ക്ക് പുറത്തുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ ആശുപത്രികളിൽ നിയമിക്കുന്നത് കാരണം അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പോലും ചികിത്സിക്കാൻ യഥാസമയം ജീവനക്കാർ ഉണ്ടാകാറില്ലെന്ന പരാതിയിലാണ് ഉത്തരവ്. വർഷങ്ങളായി കണ്ടുവരുന്ന പ്രവണതക്ക് മാറ്റം വരുത്താൻ കമ്മിഷൻ ഇടപെടണമെന്ന് പരാതിക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി സജി പി. വർഗീസ് ആവശ്യപ്പെട്ടു. ഉത്തരവ് സർക്കാരിന് വേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡയറക്ടർക്കും കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL