
കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാൻ കഴിയാതെ ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീർഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വർഷം മുമ്പ് 90 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും പൂർത്തീകരിച്ചതാണ്. കമ്മീഷനിംഗ് മുടങ്ങിയതോടെ മുടക്കിയ പണം വെള്ളത്തിലായ സ്ഥിതിയായി.
രണ്ട് വർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2014-15 വർഷത്തിൽ നിർമ്മാണം ആരംഭിച്ച പദ്ധതിയാണിത്. ചൈനീസ് സാങ്കേതിക വിദ്യയായ ബൾബ് ടർബൈൻ ഉപയോഗപ്പെടുത്തുന്ന വിധമാണ് ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി ആസൂത്രണം ചെയ്തത്. കുറഞ്ഞ ഉയരത്തിൽ നിന്ന് ഒഴുകുന്ന വെള്ളത്തിൽ നിന്നും കൂടുതൽ വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടമായി പറയുന്നത്. ഇന്ത്യയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികൾ വിരളമാണ്.
ബൾബ് ടർബൈന് അനുയോജ്യമായ വിധത്തിലാണ് പദ്ധതിയുടെ ഡിസൈൻ എന്നതിനാൽ മറ്റ് മാർഗങ്ങളിലേക്ക് തിരിയുക എളുപ്പമല്ല. സിവിൽ വർക്കുകളും മെക്കാനിക്കൽ വർക്കുകളും അവസാനഘട്ടത്തിലെത്തിയിരുന്നു. സാങ്കേതിക വിദ്യ മാറിയാൽ ഡിസൈനിലും നിർമ്മിതിയിലും മാറ്റം വരുത്തേണ്ടി വരും. ഫലപ്രാപ്തി സംശയത്തിലാണെന്നതിനൊപ്പം അധിക സാമ്പത്തികഭാരവും ഉണ്ടാകും. ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതി സാദ്ധ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനാണ് കെ.എസ്.ഇ.ബി.യുടെ നിലവിലെ തീരുമാനം.സാദ്ധ്യമായില്ലെങ്കിൽ മറ്റൊരു സാങ്കേതിക വിദ്യ സ്വീകരിക്കുക എന്നത് മാത്രമാകും കെ.എസ്.ഇ.ബി.ക്ക് മുമ്പിലുള്ള പോംവഴി. അതല്ലെങ്കിൽ ഇരുനൂറ് കോടിയോളം രൂപ മുടക്കിയ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും.
കൊവിഡ് വന്നു, കമ്പനി പൂട്ടി
കരാറുകാരുടെ വീഴ്ചമൂലം അഞ്ച് വർഷത്തോളം നിർമ്മാണജോലികൾ നീണ്ടു.
ജനറേറ്റർ ഘടകങ്ങൾ പൂർണമായി ലഭ്യമാകാതെ വന്നതോടെ പൂർത്തീകരണവും തടസപ്പെട്ടു.
ജനറേറ്റർ ഭാഗങ്ങൾക്ക് ചൈനീസ് കമ്പനിയുമായാണ് കരാർ. കൊവിഡ് വ്യാപനത്തോടെ ഉണ്ടായ പ്രതിസന്ധി ഉപകരണങ്ങൾ എത്തിക്കുന്നതിൽ പ്രതിബന്ധമായി. പിന്നീട് കമ്പനി പ്രവർത്തനംതന്നെ അവസാനിപ്പിച്ചതായാണ് വിവരം.
പ്രശ്‌നങ്ങൾ പരിഹരിച്ച് ഉപകരണങ്ങളുടെ ഇറക്കുമതി സാദ്ധ്യമാക്കാൻ കെ.എസ്.ഇ.ബി.യും സംസ്ഥാന സർക്കാരും പലവട്ടം പലവിധത്തിലുള്ള ഇടപെടലുകൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.
പദ്ധതിയുടെ കരാർ കമ്പനിയിലെ പ്രശ്‌നങ്ങളും പ്രതികൂലമായി.
പദ്ധതി ലക്ഷ്യം വച്ചത്
ലക്ഷ്യം എട്ട് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകൾ വഴി 24 മെഗാവാട്ട് വൈദ്യുതി ഉത്പാദനം
പ്രതിവർഷം ലഭിക്കേണ്ടത് 83.5 മില്ല്യൻ യൂണിറ്റ് വൈദ്യുതി
ഭൂതത്താൻകെട്ട് ഡാം റിസർവോയറിൽ നിന്ന് കനാലും പൈപ്പുകളും വഴി പവർഹൗസിൽ വെള്ളം എത്തിക്കും.
മഴക്കാലത്ത് മാത്രം പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |