SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

ഇക്കോ ടൂറിസത്തിന് പ്രിയമേറുന്നു, 5.37 കോടി സന്ദർശകർ വരുമാനം 3918.11 ലക്ഷം

d

കൊച്ചി: കേരളത്തിലെ വനസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത് 5.37 കോടി ആളുകൾ. ടിക്കറ്റ് ഇനത്തിലും മറ്റുമായി 3918.11 ലക്ഷം രൂപയാണ് ഇതിലൂടെ ഖജനാവിലേക്ക് എത്തിയത്. നിലവിൽ 80 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

2025ൽ കേരളത്തിലെത്തിയ 2.22 കോടി വിനോദസഞ്ചാരികളിൽ മൂന്നിലൊന്ന് പേരും ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തത്. വിനോദത്തിനപ്പുറം പ്രാദേശിക സമൂഹത്തിന് സാമ്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന മേഖലയായി ഇത് മാറി. ഏകദേശം 2,170 പേർക്ക് നേരിട്ടും 20,000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കുന്നുണ്ട്.

പ്രത്യേക മുൻഗണന

ഇക്കോ ടൂറിസം പദ്ധതികൾ വഴി ചില ഗ്രാമങ്ങളിലെ കുടുംബങ്ങളുടെ വാർഷിക വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവുണ്ടായി. 2025-26 ബഡ്ജറ്റിൽ ടൂറിസം മേഖലയ്ക്കായി 385 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഇക്കോ ടൂറിസം, റെസ്‌പോൺസിബിൾ ടൂറിസം എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ 181.46 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഇക്കോ ടൂറിസം വിപണി വരുംവർഷങ്ങളിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശിക വികസനം
ഇക്കോ ടൂറിസത്തിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു ഭാഗം വനസംരക്ഷണ സമിതികൾ (വി.എസ്.എസ്), ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ (ഇ.ഡി.സി) എന്നിവ വഴി അതത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കും വനപരിപാലനത്തിനുമായാണ് വിനിയോഗിക്കുന്നത്.

അടവിയിലെ കുട്ടവഞ്ചി സവാരി
പത്തനംതിട്ടയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചി സവാരിക്ക് സഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. അവധി ദിവസങ്ങളിൽ മാത്രം ഇവിടെ നിന്ന് പ്രതിദിനം 1.81 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.

എറണാകുളത്തെ കേന്ദ്രങ്ങൾ
ഭൂതത്താൻകെട്ട്, പാണിയേലി പോര്, മംഗളവനം പക്ഷിസങ്കേതം, കോടനാട് (അഭയാരണ്യം), പാനാംകുഴി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL