SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

സംസ്ഥാന വ്യാപകമായി നഴ്‌സുമാർ നടത്തുന്ന  സമരം ശക്തം; വലഞ്ഞ് രോഗികൾ

f

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് നഴ്‌സുമാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തേത്തുടർന്ന് വലഞ്ഞ് ജില്ലയിലെ വിവിധ ആശുപത്രികളിലെ നൂറ് കണക്കിന് രോഗികൾ. സമരം ജില്ലയിലെ സ്വകാര്യ ആശുപത്രികളെ സാരമായി ബാധിച്ചു. അങ്കമാലി ലിറ്റിൽ ഫ്ളവർ, അങ്കമാലി അഡ്‌ലക്‌സ്, ആസ്റ്റർ മെഡ്‌സിറ്റി തുടങ്ങിയ സ്വകാര്യ ആശുപത്രികളിലെല്ലാം സീനിയർ നഴ്‌സുമാർ ഉൾപ്പെടെ സമരത്തിലാണ്.

അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അത്യാഹിതചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കാതെ മടക്കി അയക്കുകയാണ്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13ലേറെ ആവശ്യങ്ങളുമായാണ് സമരം.

സർക്കാർ നിശ്ചയിക്കുന്ന ശമ്പളം നൽകുമെന്ന് പല ആശുപത്രികളും വ്യക്തമാക്കുന്നുണ്ട്. എന്നാൽ തുച്ഛമായ ശമ്പള വർദ്ധനയാണ് ആശുപത്രികളുടെ വാഗ്ദാനമെന്നും അത് അംഗീകരിക്കാനാകില്ലെന്നും നഴ്‌സുമാർ വ്യക്തമാക്കുന്നു

പകരം ഡ്യൂട്ടിക്ക് ജൂനിയർ നഴ്‌സുമാർ

സമരം നടക്കുന്ന ആശുപത്രികളിലെല്ലാം ജൂനിയർ നഴ്‌സുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ചികിത്സാ സംവിധാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒ.പിയിലും ക്യാഷ്വാലിറ്റിയിലുമെല്ലാം ജൂനിയർ നഴ്‌സുമാരെ വിന്യസിച്ചു. എന്നാൽ പലയിടങ്ങളിലും ജൂനിയർ നഴ്‌സുമാർ വളരെ കുറവാണെന്നതും വെല്ലുവിളിയാണ്. ഐ.സി.യുകളിലും മറ്റ് എമർജൻസി വിഭാഗങ്ങളിലുമെല്ലാം ജൂനിയർ നഴ്‌സുമാരെ നിയോഗിക്കുന്നത് അത്ര ആശാസ്യകരമല്ലെന്നറിഞ്ഞ ചില ആശുപത്രികൾ മറ്റിടങ്ങളിൽ നിന്ന് താത്കാലികമായി നഴ്‌സുമാരെ എത്തിച്ചിട്ടുമുണ്ട്.

പ്രതിസന്ധികൾ

വെന്റിലേറ്റർ സഹായം ആവശ്യമില്ലാത്തവരെ ഐ.സി.യുവിൽ നിന്ന് മാറ്റുന്നതിന് ആശുപത്രികളുടെ സമ്മർദ്ദം
പുതിയ രോഗികളെ ഐ.സി.യുകളിൽ പ്രവേശിപ്പിക്കുന്നില്ല
പ്രസവം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പല ശസ്ത്രക്രിയകളും മറ്റിടങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥ
ആശുപത്രികളിലെ ഒ.പി രോഗികളുടെ എണ്ണത്തിലും ഇടിവ്


എട്ട് വർഷം മുൻപുള്ള ശമ്പളമാണ് ഇപ്പോഴും നൽകുന്നത്. അതിനുശേഷം ജീവിത ചെലവുകൾ എത്രത്തോളം കൂടിയെന്നത് പരിഗണിക്കണം. ജോലിയിൽ കുറവില്ലെന്നത് മാനേജ്‌മെന്റുകൾ ഓർക്കണം.
ദിൽബർ
യു.എൻ.എ യൂണിറ്റ് പ്രസിഡന്റ് ആസ്റ്റർ മെഡ്‌സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL