SignIn
Kerala Kaumudi Online
Monday, 25 May 2026 1.47 AM IST

പാചകവാതക പ്രതിസന്ധി വിഷുസദ്യയ്ക്കും തിരിച്ചടി

vishu

ആലപ്പുഴ: പാചകവാതകത്തിന്റെ ലഭ്യതക്കുറവ് കാരണം കാറ്ററിംഗ് സ്ഥാപനങ്ങളും പ്രതിസന്ധിയിൽ.ഓർഡർ അനുസരിച്ച് വിഷുസദ്യ ഒരുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. പാചകവാതകം പൂർണമായി ഒഴിവാക്കി വിറക് അടുപ്പിനെ ആശ്രയിക്കാമെന്നുവച്ചാൽ അതിന്റെ പ്രശ്നങ്ങൾ വേറെയാണെന്ന് കാറ്ററിംഗ് സ്ഥാപന ഉടമകൾ പറയുന്നു.

വിറക് അടുപ്പിൽ പാകം ചെയ്യുമ്പോൾ കൃത്യസമയത്ത് ഓർഡറുകൾ നൽകാൻ സാധിക്കാതെവരും. ഗ്യാസിലേതുപോലെ തീ കൂട്ടിയും കുറച്ചും വയ്ക്കാനുള്ള സാഹചര്യം കുറവാണ്.തൊഴിലാളികളും കൂടുതലായി വേണ്ടിവരും. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കും.

ചോറ്, അവിയൽ എന്നിവയുടെ അടക്കം വേവ് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ വെന്ത് പോകും. പുക ചുവയും വരാൻ സാദ്ധ്യതയുണ്ട്. ഇതുകാരണമാണ് വിഷു സദ്യയുടെ ഓർഡർ എടുക്കാൻ മടിക്കുന്നത്. ഗ്യാസ് അടുപ്പിൽ ഒരു സ്റ്റൗവിൽ തന്നെ മൂന്നും നാലും അടുപ്പുകൾ ഉണ്ടാവും. എന്നാൽ വിറക് അടുപ്പിൽ ഒരെണ്ണം പാകം ചെയ്ത് മാറ്റിയാൽ മാത്രമേ അടുത്ത വിഭവം പാകം ചെയ്യാൻ സാധിക്കൂ. ആഴ്ചയിൽ രണ്ട് സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. വിവാഹ സീസൺ ആയതിനാൽ ഇതുകൊണ്ട് കാര്യമില്ല. 500 പേരുടെ സദ്യയ്ക്ക് കുറഞ്ഞത് മൂന്ന് സിലിണ്ടർ എങ്കിലും വേണ്ടിവരുമെന്നും കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമകൾ പറയുന്നു.

കൈയൊഴിഞ്ഞ് കാറ്ററിംഗ്

1.പാചകവാതക പ്രതിസന്ധി കാരണം വിഷു സദ്യയ്ക്കുള്ള ഓ‌ർഡറുകൾ കാറ്ററിംഗ് സ്ഥാപനങ്ങൾ നന്നേ കുറച്ചു. ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് ഇത്തവണ ഓർഡർറുകൾ സ്വീകരിക്കുന്നത്

2.കുടുംബാംഗങ്ങൾക്കൊപ്പം അധികസമയം ചെലവഴിക്കാമെന്ന ആഗ്രഹത്താലാണ് പലരും വിഷുസദ്യ ഓർഡർ ചെയ്യുന്നത്. എന്നാൽ ഓർഡറുകൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സ്ഥാപനങ്ങൾ

3.മുമ്പ് വിഷുവിന് ഒരാഴ്ച മുമ്പ് തന്നെ ഓർഡറുകൾ സ്വീകരിച്ചു

തുടങ്ങിയിരുന്ന കാറ്ററിംഗുകാർ,​ ഇത്തവണ സമീപിച്ചവരെ ഒഴിവാക്കുകയായിരുന്നു

4.വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, ശർക്കരവരട്ടി, പഴം, പപ്പടം, അച്ചാർ, ഓലൻ,രസം,സംഭാരം, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പ്, എരിശ്ശേരി എന്നിങ്ങനെ രണ്ടുതരം പായസം വരെയുള്ള സദ്യയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നൽകിയിരുന്നത്

5.ആളുകൾക്ക് ഇഷ്ടത്തിന് അനുസരിച്ച് വിവിധതരം അരികൊണ്ടുള്ള ചോറുകളും നൽകിയിരുന്നു.പത്തുപേർ വരെയുള്ള സദ്യകൾക്കാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. 180-500 രൂപ വരെയായിരുന്നു ഒരു സദ്യയുടെ നിരക്ക്.

പാചകവാതക പ്രതിസന്ധി കാരണം ഇത്തവണ വിഷു സദ്യ ഓർഡർ സ്വീകരിക്കുന്നത് കുറച്ചു. വിറകടുപ്പിൽ പാകംചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്

-പി.വി മാത്യു,​

സംസ്ഥാന കമ്മിറ്റി അംഗം,​

ഓൾ കേരള കേറ്റേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL