SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

പരിമിതികൾക്ക് നടുവിൽ ചെന്നിത്തല നവോദയ വിദ്യാലയം

urin-shed

ചെന്നിത്തല: തുടരെയുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യയിലൂടെ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ഗ്രാമീണ മേഖലയിലെ കഴിവുറ്റ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ആധുനിക വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ ഒന്നാണ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ളാസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും താമസിച്ച് പഠിക്കുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ പരിതാപകരമാണ്. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ഏക്കറു കണക്കിന് സ്ഥലം ഉണ്ടെങ്കിലും സൗകര്യങ്ങൾ പരിമിതം. സംസ്ഥാന പാതയോരത്തെ പ്രധാന കെട്ടിടത്തിൽ നിന്നും ഏറെ മാറിയാണ് ഹോസ്റ്റലുകളുടെ സ്ഥാനം. അദ്ധ്യാപകരുടെ ക്വാർട്ടേഴ്സുകളും സ്കൂൾ വളപ്പിൽ തന്നെയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. പ്ലസ് വൺ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തിൽ അഭിഗീതിന്റെ ആത്മഹത്യയറിഞ്ഞ് സ്കൂളിലേക്കെത്തിയവർ അവിടുത്തെ വിദ്യാർത്ഥികളുടെ ഹോസ്റ്റലും പരിസരവും കണ്ട് ഞെട്ടി.. കക്കൂസും മൂത്രപ്പുരയുമൊക്കെ വൃത്തിഹീനമായ നിലയിലായിരുന്നു. പൈപ്പുകൾ പലതും പൊട്ടി വെള്ളം ഒലിക്കുന്ന നിലയിലാണ്. ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് നല്ലൊരു കിടക്ക പോലും ഇല്ല.

രക്ഷിതാക്കൾക്ക് പ്രവേശനമില്ല

ഞായറാഴ്ചകളിൽ കുട്ടികളെ കാണാൻ രക്ഷിതാക്കൾക്ക് അനുമതി ഉണ്ടെങ്കിലും പ്രധാന കെട്ടിടത്തിനപ്പുറത്തേക്ക് പ്രവേശനമില്ല. പ്രധാന കവാടത്തിനു സമീപം കുട്ടികളെ കാണാനും കുറച്ച് സമയം ഒത്തൊരുമിച്ച് ഇരിക്കുവാനും സൗകര്യമുണ്ടാകും. അദ്ധ്യാപകരുടെയും താമസം അവിടെത്തന്നെയാണെങ്കിലും വിദ്യാർത്ഥികളുമായുള്ള ആത്മ ബന്ധം കുറവാണെന്നാണ് രക്ഷിതാക്കളിൽ ചിലർ പറയുന്നത്. വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങളോ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങളോ മനസ്സിലാക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നുമില്ല.

മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക് വേണ്ട പരിരക്ഷയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഒരുക്കാൻ അധികൃതർ തയ്യാറാകണം

-രക്ഷിതാക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL