SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

പെരുമ്പളം പാലം കാണാൻ തിരക്കോട് തിരക്ക്

hkljkl

തുറവൂർ: കായലിന്റെ നടുവിലൂടെയുള്ള പെരുമ്പളം പാലം കാണാൻ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് പാലത്തിലൂടെ നടന്നും വാഹനങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നായ ഈ പാലം പെരുമ്പളം ദ്വീപിനെയും അവിടത്തെ ജീവിതത്തെയും കാണാനെത്തുന്നവരെ ആകർഷിക്കുകയാണ്. പെരുമ്പളം ഇനി ദ്വീപല്ലെന്ന് അഭിമാനത്തോടെ പറയുന്നു,​ പെരുമ്പളം ഹയർ സെക്കൻഡറി സ്കൂളിലെ സന്തോഷ്. ഇനി പെരുമ്പളത്തെ ദ്വീപ് എന്ന് വിളിക്കരുതെന്നും അദ്ദേഹത്തിന്റെ അഭ്യർത്ഥന. പാലം തുറന്ന ദിവസം കായലിന് മുകളിലൂടെ ആദ്യമായി കടന്നുവന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ രതീഷിനും കണ്ടക്ടർ സനീഷ് കുമാർക്കും ഒരോ അഭിപ്രായമാണ്,​ പെരുമ്പളം ഇനി ഒറ്റപ്പെട്ട സ്ഥലമല്ല.

പെരുമ്പളവും പാലവും സമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പെരുമ്പളത്തെ പുകഴ്ത്തിയും പാലത്തിന്റെ സൗന്ദര്യം ആഘോഷിച്ചും എ.ഐ നിർമ്മിത ഗാനങ്ങളും പാരഡി ഗാനങ്ങളുമായി ആഘോഷിക്കുകയാണ്. പാലത്തെക്കുറിച്ചും അത് സാക്ഷാത്കരിക്കാൻ നേതൃത്വം നൽകിയവരെക്കുറിച്ചും എഴുതിയ കവിതകളും നിരവധി പേർ പങ്കുവയ്ക്കുന്നു. പാലം ഉദ്ഘാടന വേദിയായ കരിയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പളത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കാരിക്കേച്ചറും സ്ഥാപിച്ചിരുന്നു.

സ്ത്രീകൾ സെക്കൻഡ്ഷോ കണ്ടു !

കഴിഞ്ഞ ദിവസം,​ പെരുമ്പളത്തിലെ നാല്പത് സ്ത്രീകൾ ഉൾപ്പെടുന്ന ഒരു സംഘം സമീപ നഗരത്തിലെ തിയറ്ററിൽ പോയി സിനിമ കണ്ട് രാത്രി പാലംവഴി വീട്ടിലേക്ക് മടങ്ങിയത് മാറ്റത്തിന്റെ പ്രതീകമായി. മുമ്പ് അവസാന ജങ്കാർ സർവീസ് കഴിഞ്ഞാൽ രാത്രി വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും പെരുമ്പളക്കാർക്ക് അന്യമായിരുന്നു. പാലം തുറന്നതോടെ പെരുമ്പളത്തെ ജനങ്ങളുടെ ജീവിതം എത്രത്തോളം മാറിയെന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL