SignIn
Kerala Kaumudi Online
Monday, 25 May 2026 3.50 AM IST

'ഏറ്റവും മോശം കാലത്തിനായി നമ്മൾ തയ്യാറായിരിക്കണം', പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അനന്തരഫലം ഇന്ത്യയെ ബാധിക്കുമെന്ന് വ്യവസായ ഭീമൻ

india-financial-crisis

മുംബയ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയുൾപ്പടെ വർദ്ധിക്കാനും സാമ്പത്തിക ആഘാതമുണ്ടാകാനും ഇടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് അഞ്ച് രൂപയെങ്കിലും പെട്രോൾ ഡീസൽ വില ഉയരുമെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 1000 രൂപയോളം കൂട്ടി. ഇതിനിടെ ഇപ്പോഴിതാ ഏറ്റവും മോശം കാലത്തിന് വേണ്ടി തയ്യാറാകാൻ രാജ്യത്തെ ജനങ്ങൾക്ക് ആഹ്വാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബിസിനസ് ഭീമനും കൊടക്-മഹീന്ദ്ര ബാങ്ക് സ്ഥാപകനുമായ ഉദയ് കൊടക്. കോൺഫഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്‌ട്രിയുടെ (സിഐഐ) ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഉദയ് കൊടക് മുന്നറിയിപ്പ് നൽകിയത്.

വിദേശ മൂലധനത്തെ ആശ്രയിക്കുന്നത് ഇന്ത്യ കുറയ്‌ക്കുകയും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാൻ ദീർഘകാല റിസ്‌ക് മൂലധന ആഭ്യന്തര ശേഖരം കെട്ടിപ്പടുക്കാൻ ശ്രദ്ധിക്കണമെന്നുമാണ് കൊടക് ആവശ്യപ്പെട്ടത്. രണ്ട്‌ മാസമായി തുടരുന്ന‌ അമേരിക്ക-ഇറാൻ ‌സംഘർഷത്തെ തുടർന്ന് ലോകം നേരിടുന്ന‌ ഇന്ധനവില വർദ്ധനവ് നാട്ടിലെ സാധാരണ ഉപഭോക്താക്കൾക്ക് ഇതുവരെ ബാധിച്ചുതുടങ്ങിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം മോശം സമയമാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. 'നമ്മൾ മോശം അനുഭവങ്ങൾ നേരിടുന്നതിന് തയ്യാറായിരിക്കണം. തയ്യാറെടുപ്പാണ് പ്രധാനം. യുദ്ധത്തിന്റെ ആഘാതം നമ്മെ നേരിട്ട് ബാധിക്കുന്നതുവരെ കാത്തിരിക്കുന്നതിന് പകരം കഠിനമായ കാലത്തിന് വേണ്ടി തയ്യാറെടുക്കുക.'- ഉദയ് കൊടക് പറഞ്ഞു.

ആഗോള അന്തരീക്ഷം കൂടുതൽ തകർന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ രാജ്യങ്ങളും അവരുടെ തന്ത്രപരമായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുകയാണെന്നും ഇന്ത്യയും അത് ചെയ്യണമെന്നുമാണ് കൊടക് പറയുന്നത്. കമ്പനികൾ മൂന്ന് മുതൽ അഞ്ച് വർഷം വരെ ദീർഘകാല കാഴ്‌ചപ്പാടോടെ ബിസിനസ് ചെയ്യുന്നതിന് പകരം ത്രൈമാസ വരുമാനം, ഓഹരി വിലകൾ, ജീവനക്കാരുടെ സ്റ്റോക് ഓപ്‌ഷൻ നേട്ടമുണ്ടോ എന്നെല്ലാമാണ് നോക്കുന്നത്. സർക്കാരുകൾ വ്യവസായങ്ങൾ‌ക്ക്‌ മൂലധനം അനുവദിക്കുന്നതിൽ പൊതുവെ മോശമാണ്. നിലവിൽ നൽകുന്ന നികുതി ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കാതെ അധിക നിക്ഷേപ അലവൻസുകൾ വഴി പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രദ്ധ വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുകയും കയറ്റുമതി കൂട്ടുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും വേണമെന്നും ഉദയ് കൊടക് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, WEST ASIA CRISIS, FINANCIAL SHOCK, INDIAN ECONOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY