SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

കെ-ടെറ്റ്: പുനഃപരിശോധനാ ഹർജികൾ 28-ന് സുപ്രീം കോടതി പരിഗണിക്കും

p

തിരുവനന്തപുരം: സംസ്ഥാനത്തെ അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷ നിശ്ചയിക്കുന്ന കെ-ടെറ്റ് പുനഃപരിശോധനാ ഹർജികൾ 28-ന് സുപ്രീം കോടതി പരിഗണിക്കും. 2025 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ മാറ്റം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട 45 ഓളം ഹർജികളാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. ഈ വിധി പ്രകാരം, 2009-ലെ ആർ.ടി.ഇ ആക്ടിന് മുമ്പ് നിയമിക്കപ്പെട്ടവർ ഉൾപ്പെടെ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കി.

അദ്ധ്യാപകർക്കായി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി മാസങ്ങളായി കോടതിയുടെ 'ഡിഫക്ട് ലിസ്റ്റിൽ' തുടരുകയാണ്. ഹർജിയിലെ അഫിഡവിറ്റ് ഒപ്പിടാത്തതും ശൂന്യവുമാണെന്ന വിവരമാണ് കോടതി രജിസ്ട്രിയിൽ നിന്ന് വ്യക്തമാകുന്നത്. പിഴവുകൾ തിരുത്താൻ അനുവദിച്ച 90 ദിവസത്തെ സാവകാശം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിനാൽ, നിലവിൽ 'പുനഃസമർപ്പിക്കാത്ത പിഴവുകളുള്ള കേസുകളുടെ' പട്ടികയിലാണ് സർക്കാരിന്റെ ഹർജി.കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് താത്കാലിക പ്രൊമോഷനുകളും തസ്തിക മാറ്റങ്ങളും നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

75,000 അദ്ധ്യാപകരെ

വിധി ബാധിക്കും

സുപ്രീം കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം, 2025 സെപ്റ്റംബർ 1-ന് അഞ്ച് വർഷത്തിലധികം സർവീസുള്ള അദ്ധ്യാപകർ രണ്ട് വർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടണം. അല്ലാത്ത പക്ഷം ഇവർ നിർബന്ധിത വിരമിക്കലിന് വിധേയരാകണം. കേരളത്തിലെ ഏകദേശം 75,000-ത്തോളം അദ്ധ്യാപകരാണ് കെ- ടെറ്റില്ലാതെ സർവീസിലുള്ളതെന്നാണ് സർക്കാർ കണക്ക്. 2010 ഓഗസ്റ്റ് 23-ന് മുൻപ് നിയമനം ലഭിച്ചവർക്ക് ഇളവ് നൽകുന്ന കാര്യത്തിലും ,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യത്യസ്ത മാനദണ്ഡങ്ങളിലും കോടതിയുടെ അന്തിമ തീരുമാനം നിർണായകമാകും.

'കേസ് നടത്തിപ്പിൽ സർക്കാർ വരുത്തുന്ന സാങ്കേതിക പിഴവുകൾ കാരണം ഹർജി തള്ളപ്പെട്ടാൽ, നിലവിൽ നൽകിയ പ്രൊമോഷനുകളടക്കം റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടാകും.'

-ടി.അനൂപ് കുമാർ,

ജനറൽ സെക്രട്ടറി

ദേശീയ അധ്യാപക പരിഷത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA