SignIn
Kerala Kaumudi Online
Monday, 25 May 2026 1.42 AM IST

വീണ്ടും സ്ഥാനാർത്ഥിയാക്കിയില്ല, സി.പി.ഐ സ്ഥാനം രാജിവച്ച് സി.സി. മുകുന്ദൻ എം.എൽ.എ

c-c-

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും, ഗീതാഗോപിക്ക് സീറ്റ് നൽകിയതിൽ എതിർപ്പ്

തൃശൂർ: നാട്ടിക നിയമസഭ മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐയോട് ഇടഞ്ഞ് പാർട്ടി സിറ്റിംഗ് എം.എൽ.എ സി.സി.മുകുന്ദൻ. സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുകുന്ദൻ പറഞ്ഞു. വേണ്ടിവന്നാൽ എം.എൽ.എ സ്ഥാനവും രാജിവയ്ക്കും. കോൺഗ്രസ് നേതാക്കൾ പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടി പിന്നിൽ നിന്ന് കുത്തി. എന്നെ മാറ്റി ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കി.

കുറച്ചുനാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിലല്ല മുകുന്ദൻ. അദ്ദേഹത്തിന്റെ പി.എയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളും വിവാദമായിരുന്നു. ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെ ഒരുവട്ടം കൂടി മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.

ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് ഇക്കുറി സ്ഥാനാർത്ഥിത്വം നഷ്ടമായത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ മുകുന്ദനെ ബന്ധപ്പെട്ടിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പിന്തുണ അറിയിച്ചു. മുകുന്ദനെ കൂടെകൂട്ടാനായാൽ നാട്ടിക പിടിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബി.ജെ.പിയും മുകുന്ദനെ ബന്ധപ്പെടുന്നുണ്ട്.

അതേസമയം, മുകുന്ദനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ പറഞ്ഞു. മുകുന്ദനെ മാത്രമല്ല, മറ്റ് ചില എം.എൽ.എമാരെയും മാറ്റിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

'നാട്ടിക പേയ്മെന്റ് സീറ്റായി'

നാട്ടിക മണ്ഡലം പേയ്‌മെന്റ് സീറ്റായെന്ന് സി.സി.മുകുന്ദൻ. ഗീതാഗോപിക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ എനിക്കാവില്ല. ഗീതാഗോപിക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി എന്റെപേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. ഭൂരിഭാഗം എം.എൽ.എമാർക്കും സീറ്റ് നൽകി. എന്നെ ഒഴിവാക്കി. ഗീതാഗോപി മകൾക്ക് 225 പവൻ വിവാഹസമ്മാനമായി നൽകിയത് പണം പിരിച്ചാണ്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചിരുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല.

''പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കലാണ് ഇപ്പോൾ ലക്ഷ്യം. ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയും. രണ്ടുതവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാം.

-ഗീതാ ഗോപി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA