SignIn
Kerala Kaumudi Online
Monday, 25 May 2026 2.50 AM IST

ഇലന്തൂർ നരബലിക്കേസ്: സാക്ഷിവിസ്താരം തുടങ്ങി

arrest

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിലെ സാക്ഷി വിസ്താരം ഇന്നലെ എറണാകുളം അഡിഷണൽ സെഷൻസ് കോടതി അഞ്ചിൽ തുടങ്ങി. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധർമ്മപുരി സ്വദേശിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായിരുന്ന പദ്മയെ (52) ബലി നൽകിയ കേസിലാണ് വിചാരണ തുടങ്ങിയത്.

കാലടി മറ്റൂരിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിനെ (49) കൊലപ്പെടുത്തിയ കേസിൽ 12ന് വിചാരണ തുടങ്ങും. പദ്മയുടെ ഇളയസഹോദരിയും കേസിലെ ഒന്നാംസാക്ഷിയുമായ പളനിയമ്മയെ വിസ്തരിച്ചു. പദ്മയുടെ മകൻ സെൽവരാജിന്റെ വിസ്താരം ജഡ്ജി ടി. മധുസൂദനൻ മുമ്പാകെ ഇന്ന് നടക്കും.

ഒന്നാം പ്രതി പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (56), രണ്ടാം പ്രതി നാട്ടുവൈദ്യൻ പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (72), മൂന്നാം പ്രതി ഭഗവൽ സിംഗിന്റെ ഭാര്യ ലൈല എന്നിവരെ കോടതിയിൽ ഹാജരാക്കി. വിയ്യൂർ അതിസുരക്ഷാ ജയിലിലായിരുന്ന ഇവരെ ഇതിനായി ഞായറാഴ്ച കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചിരുന്നു.

പദ്മയെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും പൊലീസ് കണ്ടെത്തിയ സി.സി ടിവി ദൃശ്യത്തിലുള്ളത് പദ്മയാണെന്നും ഷാഫിയുടെ വെളുത്ത സ്‌കോർപിയോ കാറിൽ സഹോദരി കയറിപ്പോകുന്നതു കണ്ടെന്നും പളനിയമ്മ കോടതിയോട് പറഞ്ഞു. ഇലന്തൂരിൽ വച്ച് പദ്മയുടെ കൈയിൽ കെട്ടിയിരുന്ന ജപിച്ച ചരടുകൾ പളിനിയമ്മ തിരിച്ചറിഞ്ഞു. ഷാഫി ജുവലറിയിൽ വിറ്റത് പദ്മയുടെ സ്വർണാഭരണമാണെന്ന് തിരിച്ചറിഞ്ഞതായും അറിയിച്ചു.

15 ലക്ഷം രൂപ പ്രതിഫലത്തിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മ, റോസ്‌ലിൻ എന്നിവരെ കഴുത്തറുത്ത് ബലിയർപ്പിച്ചെന്നാണ് കേസ്. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും ബലി നൽകിയെന്ന് ഭഗവൽ സിംഗ് വെളിപ്പെടുത്തിയത്.

പദ്മയു‌ടെ മൃതദേഹം കഷണങ്ങളാക്കി ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ടു. റോസ്‌ലിന്റെ അസ്ഥികൂടം മാത്രമാണ് ലഭിച്ചത്. ഡി.എൻ.എ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA