'ലോകേഷ് ചതിച്ചില്ല, ലിയോ പക്കാ തീയേറ്റർ സ്റ്റഫ്', വിജയ് ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്ത്

Thursday 19 October 2023 9:59 AM IST

വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോ തീയേറ്ററിൽ റിലീസ് ചെയ്തു. പുലർച്ചെ 4ന് ആണ് ആദ്യ പ്രദർശനം ആരംഭിച്ചത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ് ചിത്രത്തിൽ തകർത്തെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാജിക് എന്നും പ്രേക്ഷകർ കൗമുദി മൂവിസിനോട് പ്രതികരിച്ചു. 'വിജയുടെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ്. സംഗീതവും എടുത്തുപറയേണ്ടതാണ്. ചിത്രത്തിൽ കുറച്ച് വയലൻസ് ഉണ്ട്. വിജയ് ഫാൻസിന് ആഘോഷിക്കാനുള്ള എല്ലാമുണ്ട്. സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും'- ഒരു പ്രേക്ഷകൻ പ്രതികരിച്ചു.

ലോകേഷിന്റെ ശൈലി ചിത്രത്തിലുടനീളമുണ്ട്. അഭിനയ സാദ്ധ്യതയുള്ള റോളാണ് വിജയ് ചെയ്തതെന്നും മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചു. ചിത്രത്തിൽ ഫൈറ്റ് സീൻ കൂടുതലാണെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചു. കുടുംബ ചിത്രമാണ്. രാത്രി മൂന്ന് മണിക്ക് ചിത്രം കാണാൻ തീയേറ്ററിൽ എത്തിയതാണ്. വിജയ് ആരാധകർക്ക് മാത്രമല്ല, ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രം കൂടിയാണെന്ന് ബിനീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. രാവിലെ 10 മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്പ്ളിക്കേഷൻ, വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാമെന്ന് കേരളത്തിലെ വിതരണക്കാരായ ശ്രീഗോകുലം മൂവീസ് സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരുന്നു.

സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയുണ്ട്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.

ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിംഗ് ഫിലോമിൻ രാജ്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമിക്കുന്നത്.ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. പി .ആർ.ഒ: പ്രതീഷ് ശേഖർ.