
കൊച്ചി: ദുബായിലേക്ക് മലയാളി യുവതികളെ കടത്തി പെൺവാണിഭ സംഘങ്ങൾക്ക് കാഴ്ചവയ്ക്കുന്ന സംഘത്തിലെ മുഖ്യആസൂത്രകനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു, എറണാകുളം കേന്ദ്രീകരിച്ച് മോഡലുകളെയും ബ്യൂട്ടീഷ്യൻമാരെയും റിക്രൂട്ട് ചെയ്ത ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി ശ്രീകുമാറിനെ (ബിലാൽ, 42)യാണ് ഇന്നലെ വൈകിട്ട് എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ദുബായിൽ നിന്ന് രക്ഷപ്പെട്ട് മരട് പൊലീസിൽ പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശിയായ മോഡലിനെ വിദേശത്തേക്ക് അയച്ചതും ശ്രീകുമാറാണ്.
മുംബയിൽ നിന്ന് പിടിയിലായ ഒന്നാം പ്രതി സ്റ്റോയ്‌സിയെ (സിന്ധു) ബുധനാഴ്ച രാത്രി എറണാകുളത്ത് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീകുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവതികളെ വലവീശി പിടിക്കുന്നതും കയറ്റി അയയ്‌ക്കുന്നതും ശ്രീകുമാറാണ്. ഇരകളായ യുവതികൾക്കൊപ്പം ശ്രീകുമാറും ഭാര്യയും ദുബായിൽ എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ശ്രീകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രീകുമാർ കൂടി പിടിയിലായതോടെ ദുബായ് സെക്സ് റാക്കറ്റിൽ അറസ്റ്റിലായവർ നാലായി.
അതേസമയം, മലയാളി യുവതികളെ ദുബായിലേക്കു കടത്തുന്ന ഇടപാട് തുടങ്ങിയിട്ട് നാലു വർഷമായെന്ന് മുഖ്യപ്രതി സിന്ധു (സ്റ്റോയ്‌സി, 56) മൊഴി നൽകി.
റിമാൻഡിൽ കഴിയുന്ന പ്രതികളായ പൊന്നാനി സ്വദേശി മഞ്ജിമ, തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന എന്നിവർക്കു പുറമേ നിരവധി ഏജന്റുമാർ സിന്ധുവിന് കീഴിലുണ്ട്. ഇവരെയും പിടികൂടും. പിടിയിലാകാനുള്ളവരിൽ ദുബായിലുള്ള ഷംലയും റഹ്മത്തുമടക്കം അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്.
സിന്ധുവിന്റെ ക്രൂരതകൾ
സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി. ഈ പ്രതിയുടെ ഉടമസ്ഥതയിൽ ദുബായിലുള്ള 'അലിസ ഇവന്റ്‌സ്' എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഒരു പരാതിക്കാരിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ടിക്കറ്റിനും വിസയ്‌ക്കുമായി 4.75 ലക്ഷം രൂപ സിന്ധു കൈപ്പറ്റി. 2024 ഫെബ്രുവരി 20നാണ് യുവതി ദുബായിലെത്തിയത്. അപ്പാർട്ട്‌മെന്റിലെത്തിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലക്കി നൽകി അബോധാവസ്ഥയിലാക്കി. തുടർന്ന് പുരുഷന്മാരെ മുറിയിലേക്ക് കടത്തിവിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. സിന്ധു പീഡന ദൃശ്യങ്ങൾ പകർത്തി പരാതിക്കാരിയുടെ ഭർത്താവിനും അയച്ചു. സിന്ധു ദൃശ്യങ്ങൾ കാട്ടി ഇടപാടുകാരുമായി വിലപേശുന്ന വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. ഇവർക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ചതിയിൽപ്പെട്ട യുവതികളുടെ ലൈംഗിക ദൃശ്യങ്ങൾ പകർത്തുന്നത് ഇവരാണെന്നും പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഹൃദ്രോഗ വാദം ഏശിയില്ല
ഹൃദ്രോഗമുണ്ടെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെന്നും രക്തം കട്ടപിടിക്കുന്ന അസുഖമുണ്ടെന്നും സിന്ധു കോടതിയെ അറിയിച്ചെങ്കിലും കോടതി റിമാൻഡ് ചെയ്തു.
സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി മറ്റ് പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |